nikhil-

കോട്ടയം . നിഖിലിന്റെ കാമറക്കാഴ്ചകൾക്ക് തിളക്കമേറുകയാണ്. കല്യാണ വീഡിയോകളെടുക്കുന്ന നാട്ടിൻ പുറത്തുകാരനായ ചെറുപ്പക്കാരനിലെ

പ്രതിഭയെ കണ്ടെത്തിയത് സംവിധായകൻ ജയരാജാണ്. ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് വീണ്ടും തേടിയെത്തുമ്പോൾ നിഖിലിന് ഇരട്ടി സന്തോഷമാണ്. പ്രദീപ് നായർ സംവിധാനം ചെയ്ത കോഡേഷ്യൻ എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചാണ് നിഖിൽ സിനിമയിലെത്തുന്നത്. അതുവരെ വിവാഹചടങ്ങുകളിൽ വീഡിയോഗ്രാഫറായിരുന്നു. കോഡേഷ്യന് കഥയൊരുക്കിയ ജയരാജ് തന്റെ ചിത്രങ്ങളിലേക്ക് നിഖിലിനെ ക്ഷണിച്ചു. ഭയാനകത്തിലൂടെ ആദ്യ ദേശീയ അവാർഡ് ലഭിച്ചു.

പതിനഞ്ചു മിനിറ്റ് മാത്രമുള്ള ഒരു പീരിയഡ് സിനിമയാണ് ശബ്ദിക്കുന്ന കലപ്പ. മന്ത്രി വാസവന്റെ നിർദ്ദേശപ്രകാരമാണ് പൊൻകുന്നം വർക്കിയുടെ കഥ അതേ പേരിൽ ജയരാജ് സിനിമയാക്കുന്നത്. കുമളി, കമ്പം എന്നിവിടങ്ങളിൽ ചിത്രീകരണം. മൂന്നു ദിവസത്തെ ഷൂട്ടിംഗ്. പ്രകൃതിയുടെ വെളിച്ചത്തിൽ തന്നെ ഷൂട്ട് ചെയ്തു. കാളയും കലപ്പയും അന്വേഷിച്ച് തമിഴ്‌നാട്ടിൽ വരെ പോയി.

അവാർഡ് നേട്ടത്തോടെ നിഖിലിന് തിരക്കായി. ജയരാജിന്റെ ഡോക്യുമെന്ററിയായ പ്രകൃതി, രൗദ്രം 2018, അങ്ങ് ദൂരെ ഒരു ദേശത്ത്, തെളിവ്, കാവൽ, ഫ്രീഡം ഫൈറ്റ് ആന്തോളജിയിലെ റേഷൻ തുടങ്ങിയ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചു. കപ്പ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എം ടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയിൽ ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിഖിലാണ്.

ഉത്തരവാദിത്തം ഏറി.

അവാർഡ് നേട്ടത്തിന് ശേഷം ഉത്തരവാദിത്തമേറി. സിനിമകളുടെ തിരഞ്ഞെടുപ്പ് നിർണായകമായി. ജയരാജിൽ നിന്നാണ് ആ പാഠങ്ങൾ ഒക്കെയും പഠിച്ചത്.

വിവാദങ്ങൾ അനാവശ്യം.

ദേശീയ അവാർഡ് നേട്ടത്തിൽ നഞ്ചിയമ്മയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങൾ ശ്രദ്ധിച്ചു. കലയെ കലയായി കാണണം. ഇത്തരം വിവാദങ്ങൾ അനാവശ്യമാണ്.

സംവിധാനം ഭാവിയിൽ.

സംവിധാനത്തോട് താല്പര്യമുണ്ട്. എന്നാൽ അതൊരു ഭാരിച്ച ജോലിയാണ്. നിരവധി പേരെ നിയന്ത്രിക്കണം. ഇപ്പോൾ സംവിധാനത്തിലേക്കില്ല. ഭാവിയിൽ ആലോചിക്കും.

പുതിയ ഛായാഗ്രാഹകരോട്.

നമ്മൾ ഏറ്റെടുക്കുന്ന വർക്കിൽ തികഞ്ഞ ആത്മാർത്ഥ പുലർത്തുക. കഠിനാധ്വാനം ചെയ്യുക. ഒരു പ്രോജക്ട് ചെയ്യുമ്പോൾ അത് മാത്രമായിരിക്കണം ചിന്ത.

ആർട്ട് ഫിലിം കൊമേഴ്‌സ്യൽ ഫിലിം.

അത്തരം വേർതിരിവുകളോട് വ്യക്തിപരമായി താത്പര്യമില്ല. അതിനാലാണ് രണ്ടിലും ഒരേപോലെ വർക്ക് ചെയ്യാൻ സാധിക്കുന്നത്.