
കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിലെ കർക്കടക വാവുബലിതർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മധ്യകേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ ഇവിടെ ആയിരങ്ങളാണ് ബലിതർപ്പണം നടത്തി പിതൃക്കൾക്ക് പൂജ അർപ്പിക്കുന്നത്. നിരവധി ഭക്തർക്ക് ഒരേസമയം ബലി അർപ്പിക്കുന്നതിനാവശ്യമായ സജീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ദൂരെ ദേശങ്ങളിൽ നിന്നുള്ള ഭക്തർ പുലർച്ചെ തന്നെയെത്തി ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ 5ന് മണപ്പുറത്ത് ബലിതർപ്പണ പൂജകൾ ആരംഭിക്കും. ഇതോടനുബന്ധിച്ച് തിലഹവനം, പിതൃ നമസ്‌കാരം തുടങ്ങിയ സായൂജ്യ പൂജകളും നടക്കും. പൂജകൾക്ക് ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രി, മേൽശാന്തി കുമരകം രജീഷ് ശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. കർക്കടക വാവുബലി പൂജകളിൽ പങ്കെടുക്കുവാനെത്തുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.