കോട്ടയം:സോണിയാ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. റെയിൽവേ സ്റ്റേഷനിലേയ്ക്കു ട്രെയിൻ തടയാൻ എത്തിയ പ്രവർത്തകരെ റെയിൽവേ സ്റ്റേഷൻ പൊലീസ് തടഞ്ഞു. പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ആറോളം പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ റെയിൽവേ ട്രാക്കിലിറങ്ങി ജനശതാബ്ദി എക്‌സ്പ്രസിന് മുന്നിൽ പ്രതിഷേധം പ്രകടിപ്പിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി, ജില്ലാ സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, വൈസ് പ്രസിഡന്റ് അനുപ് അബുബക്കർ, മണ്ഡലം പ്രസിഡന്റ് ഡാനി രാജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ സെക്രട്ടറിമാരായ ഗൗരി ശങ്കർ, മനു മോഹൻകുമാർ, ഫ്രാൻസിസ് മരങ്ങാട്ട്പള്ളി ലിജോ പാറേക്കുന്നുംപുറം, അജു തെക്കേക്കര വിഷ്ണു ചെമ്മുണ്ടവള്ളി എന്നിവർ പങ്കെടുത്തു.