പൊൻകുന്നം: സ്വാതന്ത്ര്യസമരസേനാനി രവീന്ദ്രൻ വൈദ്യരെ ഇന്ത്യൻ റെയിൽവേ ആദരിച്ചു. ആസാദി ക അമൃത് മഹോത്സവ് 75ാം സാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ കിഴിലുള്ള കോട്ടയം റെയിൽവേ അധികാരികളാണ് എം.കെ. രവീന്ദ്രൻ വൈദ്യരുടെ കോരുത്തോട്ടിലെ മങ്കുഴി വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്.സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് രവീന്ദ്രൻ വൈദ്യർ.
രവീന്ദ്രൻ വൈദ്യർ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. കോരുത്തോട് സി .കേശവൻ സ്മാരക ഹൈസ്‌ക്കൂൾ മാനേജർ, എസ് .എൻ. ഡി .പി. യോഗം ഹൈറേഞ്ച് യൂണിയൻ ഭാരവാഹി, കോരുത്തോട് സഹകരണ ബാങ്ക് ഡയക്ടർ ബോർഡ് അംഗം, ഫ്രീഡം ഫൈറ്റേഴ്‌സിന്റെ കോട്ടയം ജില്ലാ സെക്രട്ടറി, ഉപദേശക സമിതിയംഗം, കോരുത്തോട് ആയുർവ്വേദ ആശുപത്രി നിർമ്മാണ കമ്മിറ്റി കൺവീനർ, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രവർത്തിച്ചു. എ.പി.ജെ അബ്ദുൽ കലാം പ്രസിഡന്റായിരിക്കെ ഡൽഹിയിൽ വിളിച്ചുവരുത്തി ആദരിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഇ.കെ.നായനാരും ആദരിച്ചിരുന്നു.