രാമപുരം: ''ഇത്രനാൾ ഞാൻ സഹിച്ചു. പാർട്ടിയിലെയും യു.ഡി.എഫിലെയും ചിലർ എനിക്കെതിരെ തുടർച്ചയായി കരുക്കൾ നീക്കി. ആദ്യം മത്സരിക്കാൻ സീറ്റ് തരാതിരിക്കാനും ചരടുവലികൾ നടത്തി. സ്ഥാനാർത്ഥിത്വം കിട്ടിയപ്പോൾ റിബലിനെ നിർത്തി. ഒടുവിൽ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ പ്രസിഡന്റ് ആക്കാതിരിക്കാനും കോൺഗ്രസിലെ തന്നെ ചിലർ ശ്രമം നടത്തി. അത്തരം പ്രതിസന്ധിഘട്ടത്തിലൊക്കെ എന്റെ വാർഡിലെ ജനങ്ങളും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുമാണ് എന്നെ സഹായിച്ചത്''. ഇന്നലെ രാമപുരം പഞ്ചായത്ത് പ്രസിഡന്റായി ഇടതുമുന്നണിയുടെ ഭാഗമായി ചുമതലയേറ്റ ഷൈനി സന്തോഷ് പറഞ്ഞു. ഒരുപാട് കാലം സഹിച്ചു. ഇനിയും ഈ അവഗണനയും വിവേചനവും ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ആവില്ല. ഈ സാഹചര്യത്തിലാണ് ഒരു ഉപാധിയുമില്ലാതെ എന്നെ പിന്തുണയ്ക്കാമെന്ന വാഗ്ദാനവുമായി ഇടതുമുന്നണി നേതാക്കൾ സമീപിച്ചത്. കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്''. ഷൈനി സന്തോഷ് പറഞ്ഞു.