കണ്ണിമലയിലെ ഇല്ലിക്കൂപ്പ് നിറയെ മാലിന്യം

മുണ്ടക്കയം: ഇവിടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണ്..! ഈ മുന്നറിയിപ്പ് ബോർഡൊക്കെ ആര് ശ്രദ്ധിക്കാൻ. പഞ്ചായത്തിന്റെ അറിയിപ്പിന് തള്ളുന്ന മാലിന്യത്തിന്റെ വിലപോലുമില്ല എന്നതാണ് യാഥാർത്ഥ്യം. മുണ്ടക്കയം- എരുമേലി റൂട്ടിൽ കണ്ണിമലയിൽ ഇല്ലി കാടുകൾക്ക് സമീപം മാലിന്യം തള്ളുകയാണ്. അതും എല്ലാ മുന്നറിയിപ്പുകളും ലംഘിച്ച്. ഇവിടെ കടുത്ത ദുർഗന്ധവും വമിക്കുന്നുണ്ട്.

മുണ്ടക്കയം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമാണിത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി തള്ളിയ മാലിന്യം അഴുകിയ നിലയിലാണ്. പുലിക്കുന്ന് കഴിഞ്ഞാൽ അര കിലോമീറ്ററോളം ദൂരം റോഡിൽ ജനവമാസമില്ല. വിജനമായ സ്ഥലം നിറയെ ഇല്ലിക്കാടുകളാണ്. ഇത് മാലിന്യം തള്ളാൻ സാമൂഹ്യവിരുദ്ധർ മറയുമാക്കി. വാഹനങ്ങൾ മറിയാതിരിക്കാൻ സ്ഥാപിച്ചിരിക്കുന്ന കാഷ് ബാരിയറുകൾക്ക് പിന്നിലായി മാലിന്യം കുന്നുകൂടിയ നിലയിലാണ്. വലിച്ചെറിയുന്ന മാലിന്യം സമീപത്തെ തോട്ടിലൂടെ ഒഴുകി ജനവാസമേഖലയിലേക്കും എത്തുന്നുണ്ട്.

കാമറ എവിടെ?

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ കഴിഞ്ഞില്ല. അതിനാൽ പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് ആവശ്യം.