പാലാ: മനസ് നിറഞ്ഞുനിൽക്കുന്ന മൺമറഞ്ഞ പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന കർക്കടകത്തിലെ അമാവാസിത്തലേന്ന് ''ടി.കെ.ആർ.'' പരമ പദം പൂകി. ഏഴുപതിറ്റാണ്ട് നീണ്ട ജീവിതത്തിന് പുണ്യ പരിസമാപ്തി. പരിചയക്കാർക്കെല്ലാം ടി.കെ.ആർ. ആയിരുന്ന പുലിയന്നൂർ കോതപുഴയ്ക്കൽ (തുമ്പശ്ശേരിൽ) ടി.കെ രാജൻ പാലായിലെ തലമുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. അറിയപ്പെടുന്ന വയറിംഗ് കോൺട്രാക്ടറായി പൊതുരംഗത്തേക്കിറങ്ങിയ ടി.കെ രാജൻ നീണ്ട ഒരുദശകത്തിനപ്പുറം പാലായിൽ ''കേരളകൗമുദി'' യുടെ മുഖവുമായിരുന്നു. മീനച്ചിൽ താലൂക്കിൽ വാർത്തയിലും പ്രചാരത്തിലും കേരളകൗമുദിക്ക് എന്നും നെടുംതൂണായി ടി.കെ.ആർ ഉണ്ടായിരുന്നു. കേരളകൗമുദിയിലൂടെ പത്രപ്രവർത്തന രംഗത്തേക്ക് എത്തിയ ടി.കെ.ആർ പാലാ പ്രസ് ക്ലബിന്റെ ആദ്യകാല ഭാരവാഹികളിൽ ഒരാളായിരുന്നു.
സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട ആളുകളുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന ടി.കെ.ആർ. കേരള കൗമുദിയിലൂടെ ഒട്ടേറെ എക്‌സ്‌ക്ലൂസീവ് വാർത്തകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്രപ്രവർത്തകനാകുന്നതിനും മുമ്പ് മുത്തോലി ടെക്‌നിക്കൽ സ്‌കൂളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു.
ഹൃദ്രോഗം ഉൾപ്പെടെ വിവിധ അസുഖങ്ങൾ അലട്ടിയപ്പോൾ അടുത്തകാലത്താണ് അദ്ദേഹം മാധ്യമപ്രവർത്തന രംഗത്തുനിന്നും മനസില്ലാ മനസോടെ മാറിയത്. ബുധനാഴ്ച രാത്രി 11.30 ഓടെ ശ്വാസതടസം അനുഭവപ്പെട്ട ടി.കെ.ആറിനെ ഉടൻതന്നെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി.കെ.ആറിന്റെ നിര്യാണത്തിൽ എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മാണി സി.കാപ്പൻ എം.എൽ.എ., പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ നേതാക്കളായ എം.ബി. ശ്രീകുമാർ, എം.പി. സെൻ, രാമപുരം സി.റ്റി. രാജൻ, എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ തുടങ്ങിയവർ അനുശോചിച്ചു. പാലാ പ്രസ് ക്ലബ് അടിയന്തിര യോഗം ചേർന്ന് ടി.കെ.ആറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്റ് സിജി ജെയിംസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എൻ. രാജൻ, സി.ജി. ഡാൽമി, സുനിൽ പാലാ, ജോണി ജോസഫ്, കെ.ആർ. ബാബു, ജോമോൻ എബ്രഹാം, ജെയ്‌സൺ മുഞ്ഞനാട്ട്, വിനോദ് കടപ്പാട്ടൂർ, ബിജുമോൻ കൂട്ടപ്ലാക്കൽ, പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
ടി.കെ.ആറിന്റെ സംസ്‌കാരം ഇന്ന് 4 ന് പുലിയന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.