പാലാ: ഇടപ്പാടി ശ്രീആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതായി ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രക്കടവിന് സമീപം പന്തലിൽ തുടർച്ചയായി ബലിതർപ്പണം നടക്കവെ നാലമ്പലത്തിനുള്ളിൽ അഗ്‌നികോണിൽ തയാറാക്കിയ വലിയ ഹോമകുണ്ഡത്തിൽ തിലഹവനവും നടന്നു. പ്രത്യേകമായി വിഷ്ണുപുജ, ശിവപാർവ്വതി പൂജ, സുബ്രഹ്മണ്യ പൂജ, ഗുരുദേവ പൂജ എന്നിവയും നടത്തി. മേൽശാന്തിക്ക് കീഴിൽ പത്തോളം സഹശാന്തിക്കാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇടപ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തിൽ ബലിതർപ്പണത്തിന് എത്തിയ ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ദേവസ്വം ഭാരവാഹികളായ എം.എൻ. ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി കല്ല്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ 50ൽ പരം വോളണ്ടിയർമാരും ഭക്തരെ സഹായിക്കാൻ സദാസമയവും ക്ഷേത്രസന്നിധിയിൽ ഉണ്ടായിരുന്നു.