പാലാ: പിതൃസ്മരണയുടെ പവിത്രതയിൽ പതിനായിരങ്ങൾ വിവിധ ക്ഷേത്രക്കടവുകളിലും ക്ഷേത്ര സന്നിധിയിലും കർക്കടക വാവുബലിയിട്ടു.

പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 5ന് ക്ഷേത്ര കടവിൽ ബലിതർപ്പണം ആരംഭിച്ചു. കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 9 മുതൽ പ്രസാദ ഊട്ടും നടന്നു. വാവുബലി ദിനത്തിൽ ക്ഷേത്രത്തിൽ നമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, വിഷ്ണുപൂജ തുടങ്ങിയ വഴിപാടുകൾ നടത്തി.

കൊണ്ടാട്: ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് നിരവധി ഭക്തരെത്തി. ഗണപതിഹോമം, തിലഹവനം, നമസ്‌കാരം, കൂട്ടനമസ്‌കാരം, സായൂജ്യപൂജ, വിഷ്ണുപൂജ എന്നിവ നടന്നു. ചടങ്ങുകൾക്ക് മേൽശാന്തി സന്ദീപ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.

കെഴുവംകുളം: 106ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് പിതൃപൂജയും നമസ്‌കാരവും നടന്നു. ബലിതർപ്പണത്തിന് ക്ഷേത്രം മേൽശാന്തി മഹേശ്വരൻ പമ്പാവാലി നേതൃത്വം നൽകി.

ഏഴാച്ചേരി: 158ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ കർക്കടക വാവുബുലി നടന്നു. ജിതിൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.

മറ്റക്കര: അയിരൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം എന്നീ വഴിപാടുകൾ നടന്നു.

കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ കർക്കടക വാവുബലിയും തിലഹോമവും നടത്തി. മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ കർക്കടകവാവ് നാളിൽ കൂട്ടനമസ്‌കാരവും ഒറ്റനമസ്‌കാരവും നവഗ്രഹപൂജയും നടന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകർമ്മികത്വം വഹിച്ചു.

കെഴുവംകുളം: ആലുതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി സുരേഷ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രകടവിൽ പിതൃതർപ്പണം നടന്നു.

പയപ്പാർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ബലിതർപ്പണം നടത്തി.

അന്തിനാട്: ശ്രീ മഹാദേവ ക്ഷേത്രത്തിൽ മുരിക്കുംപുഴ കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടന്നു. ക്ഷേത്രത്തിൽ മേൽശാന്തി കല്ലംപിള്ളിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തിലഹോമം, പിതൃപൂജ, ശിവപൂജ, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിശേഷാൽ പൂജകൾ മുതലായ വഴിപാടുകളും ഉണ്ടായിരുന്നു.

പൂവക്കുളം: എസ്.എൻ.ഡി.പി. യോഗം 159ാം നമ്പർ ശാഖ പൂവക്കുളം ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ചെല്ലപ്പൻ ശാന്തിയുടെ നേതൃത്വത്തിൽ വാവുബലി നടത്തി.