വൈക്കം : വൈക്കം മൂത്തേടത്തുകാവ് റോഡിൽ പൈനുങ്കൽ ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ടി.വി പുരം നോർത്ത് ലോക്കൽ കമ്മി​റ്റി യോഗം ആവശ്യപ്പെട്ടു. തോട്ടുവക്കം മുതൽ മൂത്തേടത്തുകാവ് വരെ അഞ്ചു കിലോമീ​റ്റർ ദൂരത്തിൽ ആധുനിക നിലവാരത്തിൽ റോഡ് പുതുക്കി പണിയുന്നതിന് അഞ്ചു കോടി രൂപയാണ് അനുവദിച്ചിരുന്നത്. എസ്​റ്റിമേ​റ്റിൽ പൈനുങ്കൽ ജംങ്ഷനിൽ ഓട നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഇടുങ്ങിയ നിലയിൽ സ്ഥിതി ചെയ്യുന്ന പയറാട്ട് പാലം ഇരുവശവും വീതികൂട്ടി നിർമിക്കുന്നതിനും പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഈ രണ്ടു പ്രവൃത്തികളും നടത്താതെ റോഡ് നിർമാണം പൂർത്തീകരിച്ചിരിക്കുകയാണ്. പയറാട്ട് തോട്ടിൽ, പാലം വീതി കൂട്ടിയുള്ള നിർമാണ പ്രവൃത്തിക്കായി താത്കാലികമായി മുട്ട് ഇട്ടിരുന്നു. എന്നാൽ ഇത് പൂർണമായും പൊളിച്ചു നീക്കാത്തതിനാൽ സമീപപ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമാണ്. വെള്ളം കെട്ടിക്കിടക്കുന്നത് രോഗസാധ്യത വർദ്ധിപ്പിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തപക്ഷം പ്രതിഷേധ സമരം ആരംഭിക്കുമെന്ന് സി.പി.ഐ ലോക്കൽ കമ്മി​റ്റി യോഗം മുന്നറിയിപ്പ് നൽകി.