cpi

കോട്ടയം. അടുത്ത ആഴ്ച ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിൽ തലമുറമാറ്റമുണ്ടാകുമെന്ന് ഉറപ്പായി. മുതിർന്നവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകും ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ചുമതല ഒഴിഞ്ഞേക്കും.
2008 ൽ ജില്ലാ സെക്രട്ടറിയായ ശശിധരൻ നാലു ടേം പൂർത്തിയാക്കി. പാർട്ടി ദേശീയ കൗൺസിലിന്റെ തീരുമാനം സെക്രട്ടറിമാർക്ക് മൂന്നു ടേമാണ്. നിലവിലെ അസിസ്റ്റന്റ് സെക്രട്ടറി വി.കെ.സന്തോഷ്‌കുമാറിന്റെ പേരാണ് പകരം പരിഗണിക്കുന്നത്. 43 അംഗ ജില്ലാകമ്മിറ്റിയും 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ഇപ്പോഴുള്ളത്. പാർട്ടിയിൽ ഇപ്പോൾ 11500ലധികം അംഗങ്ങളുണ്ട്. അംഗങ്ങളുടെ എണ്ണം കൂടിയതനുസരിച്ച് ജിില്ലാ കമ്മിറ്റിയിലും അംഗങ്ങളുടെ എണ്ണം കൂടിയേക്കാം. ഒഴിവ് വരുന്ന ജില്ലാ കമ്മിറ്റികളിൽ, സി.പി.എം മാതൃകയിൽ കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകാനാണ് സാദ്ധ്യത.

ജോസിനോട് എന്ത്.
ജോസ് കെ. മാണി മുന്നണിയിലെത്തിയതിന് ശേഷം ജില്ലയിൽ പാർട്ടിയുടെ പ്രധാന്യം കുറഞ്ഞെന്ന വിമർശനം മണ്ഡലം സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനം സംഘടനാ റിപ്പോർട്ടിലും തുടർചർച്ചകളിലും പ്രധാന വിഷയമാകുമെന്നാണ് സൂചന.
എം.ജിയിൽ എ.ഐ.എസ്.എഫ്. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദ്ദിക്കുകയും വനിതാ നേതാവിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌ത സംഭവത്തിൽ മറുപടിയും ജില്ലാ സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

അമ്പതു വർഷത്തിന് ശേഷമാണ് ഏറ്റുമാനൂരിൽ സി.പി.ഐ ജില്ലാ സമ്മേളനം നടത്തുന്നത്. ആഗസ്റ്റ് അഞ്ചു മുതൽ എട്ടുവരെ സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു.