കോട്ടയം:തോമസ് ചാഴികാടൻ എം.പിയുടെ വീട്ടിൽ മോഷണ ശ്രമം. എം.പിയുടെ എസ്.എച്ച്. മൗണ്ടിലെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. സംഭവ സമയം എം.പിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനൽച്ചില്ല് ഇടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് ഭാര്യ ഉണർത്. ഒരാൾ മതിൽ ചാടിക്കടന്ന് പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ ലോക്ക് ചെയ്യാതിരുന്നതിനാൽ, കാർ ഡാഷിലെ പേപ്പറുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കാറിൽ നിന്ന് വീടിന്റെ താക്കോൽ എടുത്ത് വീട് തുറക്കാനും ജനൽ കുത്തിത്തുറക്കാനും ശ്രമം നടത്തി. വീടിന്റെ മുറ്റത്തുള്ള പ്ലാസ്റ്റിക് ടാങ്കിൽ കയറി രണ്ടാം നിലയിലേക്ക് കയറാൻ ശ്രമിച്ചതിന്റെ പാടുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. എം.പിയും ഭാര്യയും ഡൽഹിയിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഭാര്യ നാട്ടിലെത്തിയത്. എം.പി നിലവിൽ യു.എസിലാണ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജി പറഞ്ഞു.