മുണ്ടക്കയം: മുണ്ടക്കയത്തും സമീപ പഞ്ചായത്തുകളിലും മോഷണം വർദ്ധിക്കമ്പോഴും പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നടന്നത്. ഈ സംഭവങ്ങളിൽ കാര്യമായ അന്വേഷണ പരോഗതിയും ഉണ്ടായിട്ടില്ല. ഏതാനം മാസങ്ങൾക്കു മുമ്പ് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. സംഭവം നടന്ന ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാതെ വന്നതോടെ ബൈക്കിന്റെ ഉടമസ്ഥൻ തന്നെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് പൊലീസ് പരിശോധനയ്ക്കിടെ മോഷ്ടാക്കൾ പിടിയിലാകുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് കൂട്ടിക്കലിൽ നിന്ന് മൂന്ന് ബൈക്ക് മോഷണം പോയിരുന്നു. സംഭവത്തിൽ ഒരു ബൈക്ക് കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച മുണ്ടക്കയം പുത്തൻചന്തയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. കസംഭവം നടന്ന ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല.