
കോട്ടയം. കരിങ്കോഴി കൃഷിയിൽ നിന്ന് കർഷകർ പിൻവാങ്ങുന്നു. വലിയ ആദായം മുന്നിൽകണ്ട് നിരവധി പേരാണ് ഈ കൃഷിയിലേക്ക് തിരിഞ്ഞത്. പ്രത്യേകിച്ച് കൊവിഡ് കാലത്ത്. സോഷ്യൽ മീഡിയ മുഖേനയും കരിങ്കോഴിയ്ക്ക് വലിയ പ്രചാരം ലഭിച്ചു.
ഹോർമോൺ കുത്തിവച്ച ബ്രോയിലർ കോഴിയിറച്ചിയിൽ നിന്നും ഔഷധഗുണങ്ങൾ അടങ്ങിയ കരിങ്കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും ഡിമാൻഡേറിയിരുന്നു. രുചിയുടെ കാര്യത്തിലും കരിങ്കോഴി ഇറച്ചി മുന്നിലാണ്. നാടൻകോഴി മുട്ടയിലെ കൊളസ്‌ട്രോളിന്റെ അളവിനേക്കാൾ കുറവാണ് കരിങ്കോഴിയുടേതെന്നതും ആവശ്യക്കാർ ഏറാൻ കാരണമായി. വിലയുടെ കാര്യത്തിൽ കരിങ്കോഴി ഇറച്ചിയും മുട്ടയും നാടൻ കോഴികളെക്കാൾ മുന്നിലാണ്. ഒന്നരമാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞിന് 300 രൂപയും വലിയ കരിങ്കോഴിയ്ക്ക് 600 രൂപയുമാണ് വില. മുട്ടയ്ക്ക് 15 രൂപയും.
കൊവിഡ് കാലത്ത് കൂടുതൽ പേർ ഈ രംഗത്തേയ്ക്ക് എത്തിയതും കോഴിതീറ്റകളായ ഗ്രോവർ, സ്റ്റാർട്ടർ, ലെയർടെൽ എന്നിവയുടെ വില വർദ്ധിച്ചതും കരിങ്കോഴി കൃഷിയെ പ്രതികൂലമായി ബാധിച്ചു. സാധാരണ കോഴികളെ വളർത്തുന്നതിന് സമാനമായാണ് കരിങ്കോഴി കൃഷിയും. യുക്രെയിനിൽ നിന്നാണ് കോഴിത്തീറ്റകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചിരുന്നത്. ഇവയുടെ വരവ് നിലച്ചതാണ് തീറ്റവില വർദ്ധനവിന് കാരണം.
കരിങ്കോഴി കുഞ്ഞിന് 300 രൂപ.
വലിയ കരിങ്കോഴിയ്ക്ക് 600 രൂപ.
കരിങ്കോഴി മുട്ടയ്ക്ക് 15 - 20 രൂപ.
കരിങ്കോഴിയുടെ പ്രത്യേകതകൾ.
ഇറച്ചിയും മുട്ടയും ആരോഗ്യദായകം.
ആയുർവേദ ഔഷധങ്ങൾക്കും ഉപയോഗം.
ആറു മാസമാകുമ്പോൾ മുട്ടയിട്ടു തുടങ്ങും.
ഒരു മാസം 20 മുട്ടകൾ വരെ ലഭിക്കും.
കോഴി കർഷകനായ എ.എം.ഹരീഷ് അമയന്നൂർ പറയുന്നു.
തീറ്റ വിലവർദ്ധനവും ആവശ്യക്കാർ കുറഞ്ഞതുമാണ് കരിങ്കോഴി കൃഷി നിറുത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചത്. നാടൻ കോഴിയ്ക്കും മുട്ടയ്ക്കും ആവശ്യക്കാർ ഏറിയതിനാൽപൂർണമായും നാടൻ കോഴിവളർത്തിലേക്ക് മാറി.