sad

കോട്ടയം. കെ.റെയിൽ പദ്ധതി കുറ്റിയീടീലിൽ തട്ടി എങ്ങുമെത്താതെ നിൽക്കുമ്പോൾ നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി ടേക്കോഫിലേക്ക് നീങ്ങുന്നു. സാങ്കേതിക, സാമ്പത്തിക റിപ്പോർട്ട് കേന്ദ്ര വ്യോമമന്ത്രാലയത്തിന് സമർപ്പിച്ചു. ഇതിന് അംഗീകാരം ലഭിച്ചാൽ വിശദ പഠന റിപ്പോർട്ട് തയ്യാറാക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് എതിർപ്പില്ലാത്തതിനാൽ സാദ്ധ്യതാ റിപ്പോർട്ടിന് കേന്ദ്ര അംഗീകാരം വൈകാതെ ലഭിച്ചേക്കും. പ്രത്യേകിച്ചും ശബരിമല തീർത്ഥാടകരെ ഉദ്ദേശിച്ചുള്ള പദ്ധതി ആയതിനാൽ ബി.ജെ.പി സർക്കാരിന്റെ പച്ചക്കൊടി ഉറപ്പാണ്.

പ്രാഥമിക സാദ്ധ്യതാ റിപ്പോർട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നേരത്തേ സമർപ്പിച്ചെങ്കിലും ചില സംശയങ്ങൾ ഉന്നയിച്ച് മടക്കിയിരുന്നു. വിശദീകരണത്തോടെയുള്ള റിപ്പോർട്ടാണ് വീണ്ടും നൽകിയത്. പരിസ്ഥിതി ,സാമൂഹികാഘാത പഠനത്തിന് പ്രാഥമിക റിപ്പോർട്ടിൽ അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷ. റൺവേയുടെ വിവരം, ഭാവി വികസന സാദ്ധ്യത, ഭൂമിയുടെ സ്വഭാവം, സാമ്പത്തിക നേട്ടം, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയെല്ലാം പ്രാഥമിക റിപ്പോർട്ടിലുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ മുന്നോട്ടു നീങ്ങാം. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയിലാണെങ്കിലും കേസ് തീരും മുമ്പ് പണം കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറായതിനാൽ കോടതി നടപടിക്കു വിധേയമായി സ്ഥലമിടപാട് പ്രശ്നത്തിന് പരിഹാരമാകും. സ്ഥലത്തിന്റെ ലഭ്യത ചെറുവള്ളി എസ്റ്റേറ്റിൽ പ്രശ്നമല്ലാത്തതിനാൽ റൺവേയുടെ നീളം കൂട്ടണമെന്ന ഏവിയേഷൻ മന്ത്രാലയത്തിന്റെ ആവശ്യം നടപ്പാക്കൽ ബുദ്ധിമുട്ടാകില്ല.

സവിശേഷതകൾ.

ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കറിൽ.

3500 മീറ്റർ നീളമുള്ളതാകും റൺവേ.

ശബരിമലയ്ക്ക് 48 കിലോമീറ്ററേയുള്ളൂ.
തോട്ടമായതിനാൽ പരിസ്ഥിതി പ്രശ്നമില്ല.

ഉയർന്ന പ്രദേശം, വെള്ളപ്പൊക്കഭീഷണിയില്ല.

സമീപത്ത് ദേശീയ, സംസ്ഥാനപാതകൾ.

വിദേശത്തുനിന്നും ശബരിമലയിലെത്താം.

മദ്ധ്യകേരളത്തിലെ പ്രവാസികൾക്ക് നേട്ടം.

ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസർ വി.തുളസീ ദാസ് പറയുന്നു.

റൺവേയ്ക്ക് കൂടുതൽ സ്ഥലം വേണമെന്ന് ഡി.ജി.സി.എ നിർദ്ദേശമനുസരിച്ച് വീണ്ടും സർവേ നടത്തി. മൂന്നു കിലോമീറ്ററിലേറെ നീളം വരുന്ന ആറ് സ്ഥലങ്ങൾ ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തി. വിവിധ ദിശകളിൽ മൂന്ന് റൺവേകളാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. വിശദ റിപ്പോർട്ട് കേന്ദ്ര വ്യോമ മന്ത്രാലയത്തിന് സമർപ്പിക്കും.