കിടങ്ങൂർ: മൂന്നുതോട്ടിൽ അപകടങ്ങൾ ഒഴിയുന്നില്ല.... കഴിഞ്ഞ ദിവസം ഓട്ടോറിക്ഷാ മരത്തിലിടിച്ചുണ്ടായതാണ് ഒടുവിലത്തെ അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
കിടങ്ങൂർ കൂത്താട്ടുകുളം കെ.ആർ നാരായണൻ സ്മാരക റോഡിലെ മൂന്നുതോട് മേഖലയിലെ അപകടക്കെണി ഒഴിവാക്കാൻ ഒരു ശ്രമവും അധികാരികൾ നടത്തുന്നില്ല. റോഡ് നിർമ്മാണത്തിലുളള അപാകതയാണ് ഇവിടെ അപകടങ്ങൾ പെരുകാൻ കാരണമെന്ന് യാത്രക്കാരും പരിസരവാസികളും ഒരേസ്വരത്തിൽ പറയുന്നു.

കഴിഞ്ഞദിവസം ഓട്ടോറിക്ഷാ ഇടിച്ച അതേ സ്ഥലത്ത് രണ്ട് മാസംമുമ്പ് കോഴിക്കുഞ്ഞുങ്ങളുമായി വന്ന ഒരു ലോറിയും അപകടത്തിൽപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കെ.ആർ നാരായണൻ സ്മാരക റോഡിൽ ഏഴ് അപകടങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

അശാസ്ത്രീയം

മൂന്നുതോട് ഭാഗത്ത് റോഡിന്റെ ഒരുവശം അശാസ്ത്രീയമായി ചെരിച്ച് ടാർ ചെയ്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ ഈ വശത്തുകൂടി പോകുമ്പോൾ നിയന്ത്രണംവിട്ട് അടുത്ത പുരയിടത്തിലേക്ക് മറിയുകയാണ്.

മുൻ മന്ത്രി കെ.എം.മാണി കെ.ആർ നാരായണൻ സ്മാരക റോഡിന്റെ നിർമ്മാണത്തിനായി 25 കോടിയോളം രൂപാ അനുവദിച്ചിരുന്നു. റോഡിലെ 22 അപകട വളവുകൾ നിവർത്തി റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന് കാണിച്ച് ജനപ്രതിനിധികൾക്ക് നാട്ടുകാർ നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഫോട്ടോ അടിക്കുറിപ്പ്

കിടങ്ങൂർ കെ.ആർ നാരായണൻ സ്മാരക റോഡിലെ മൂന്നുതോട് ഭാഗത്ത് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മരത്തിലിടിച്ചുണ്ടായ അപകടം.