വൈക്കം: നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള ദേശീയ ബധിരത നിയന്ത്രണ പദ്ധതി (എൻ.പി.പി.സി.ഡി)യുടെ ഭാഗമായി കേൾവി പരിശോധനയ്ക്ക് ആവശ്യമുള്ള ശബ്ദരഹിത മുറിയുടെ ഉദ്ഘാടനം നടന്നു. വൈക്കം ഗവ.താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ ആരംഭിച്ച മുറിയുടെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി സുഭാഷ്, ആരോഗ്യ സ്ഥിരസമിതി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർമാരായ രാജശേഖരൻ, എബ്രഹാം പഴയകടവിൽ, ബിന്ദു ഷാജി, ആർ.സന്തോഷ് എന്നിവർ പങ്കെടുത്തു. ആശുപത്രി ആർ.എം.ഒ ഡോ. ഷീബ, ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ. ലുബിൻ, ഓഡിയോളജിസ്റ്റ് റോഷ്‌നി എന്നിവർ വിഷയാവതരണം നടത്തി. നവജാത ശിശുക്കൾ മുതലുള്ളവർക്കുള്ള കേൾവി പരിശോധനയും കേൾവി സഹായി, കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി കഴിഞ്ഞുള്ള സംസാര പരിശീലനം, വിക്ക്, പക്ഷാഘാതം എന്നിവ മൂലമുള്ള സംസാര വൈകല്യങ്ങളുടെ പരിശീലനവും ലഭിക്കും. ബി.പി.എൽ രോഗികൾക്കുള്ള കേൾവി പരിശോധന സൗജന്യമാണ്.