പാലാ: പാലായുടെ വികസനം അട്ടിമറിയ്ക്കാൻ കേരളാ കോൺഗ്രസ് എം ശ്രമിക്കുകയാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ കുറ്റപ്പെടുത്തി. ജലവിഭവ വകുപ്പിനു കീഴിലെ പദ്ധതി പോലും നടപ്പാക്കുന്നില്ല. അപ്രോച്ച് റോഡ് ഇല്ലാതെ നിർമ്മിച്ച കളരിയമ്മാക്കൽ കടവ് പാലത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണം അനുവദിപ്പിച്ചെങ്കിലും തടസപ്പെടുത്തിയിരിക്കുകയാണ്. ഇതുപോലെ തടസപ്പെടുത്തിയിരിക്കുന്ന നിരവധി പദ്ധതികൾ പാലായിലുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് ടൂറിസം മേഖലകൾ വികസിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. പാലാക്കാർക്ക് എല്ലാ കാര്യങ്ങളും വ്യക്തമാണ്. പാലായുടെ വികസനത്തിനായി ആരുമായി സഹകരിക്കും. നാടിന്റെ വികസനത്തിന് രാഷ്ട്രീയമില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു.


ബി.ജെ.പിയിലേക്കില്ല.


താൻ ബി ജെ പി മുന്നണിയിൽ പോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. ബി.ജെ.പി യലേയ്‌ക്കെന്നല്ല മറ്റൊരു മുന്നണിയലേക്കും ഇല്ല. കേരളാ കോൺഗ്രസ് എമ്മിനെ കൊണ്ടുവരുന്നതിനെക്കുറിച്ചു ആരാഞ്ഞപ്പോൾ പാലായിലെ കോൺഗ്രസുകാരോട് അഭിപ്രായം ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് കാപ്പൻ പറഞ്ഞു. യു.ഡി.എഫിൽ ഡി.സി.കെയ്ക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന് താൻ വോട്ടു ചെയ്തിട്ടില്ല.വോട്ടു ചെയ്തിരുന്നുവെങ്കിൽ തുറന്നു പറയാനുള്ള ആർജ്ജവം തനിക്കുണ്ട്.

പാലാക്കാർ തന്നിലർപ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തുകയില്ലെന്നും മാണി.സി കാപ്പൻ വ്യക്തമാക്കി.