ambl

കോട്ടയം . കണ്ണിന് കുളിർമയേകി അഴക് വിരിച്ച് മലരിക്കലിൽ വീണ്ടും ആമ്പൽ വിടർന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടത്ത് കാഴ്ചയുടെ വിസ്മയം ഒരുക്കുകയാണ് ആമ്പൽ പൂക്കൾ. വെള്ളത്തിന് മീതെ സൂര്യനെ നോക്കി ചുവന്ന് തുടുത്തു നിൽക്കുന്ന ആമ്പലിന്റെ ഭംഗി ആസ്വദിക്കാനാണ് സഞ്ചാരികളെത്തുന്നത്. കൊച്ചു തടിവള്ളത്തിലും ഫൈബർ വള്ളത്തിലും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് തൊട്ടടുത്ത് എത്തി ആസ്വദിക്കാമെന്നതാണ് പ്രത്യേകത. കൂടാതെ, വള്ളസവാരി ഇഷ്ടപ്പെടുന്നവർക്ക് കായലിലേക്കും ഉൾപ്രദേശത്തേയ്ക്കും സർവീസ് നടത്തുന്നുണ്ട്.

2019 മുതലാണ് ആമ്പൽ ഫെസ്റ്റ് ജനകീയമായത്. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ ആമ്പൽ കൂമ്പിടും. സഞ്ചാരികൾക്ക് വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽ അടുത്തുകാണാനായി 15 നാടൻവള്ളങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻവർഷം 60 വള്ളത്തിൽ കൂടുതലുണ്ടായിരുന്നു. 100 രൂപയാണ് ഫീസ്. ഫോട്ടോ ഷൂട്ട്, വീഡിയോഷൂട്ട്, ഉൾപ്രദേശ സവാരി എന്നിവയ്ക്ക് 1000 രൂപും. കെട്ട് പൂവിന് 50 രൂപയാണ്. ഒക്ടോബർ വരെയാണ് സീസൺ.

പൂക്കൾ കുറവ്, നിരാശ.

മുൻവർഷങ്ങളിലേത് പോലെ പൂക്കൾ ഇല്ലാത്തത് പ്രദേശവാസികളെയും സന്ദർശകരെയും നിരാശരാക്കുന്നുണ്ട്. പാടശേഖരങ്ങളിൽ വെള്ളം കുറഞ്ഞതും മഴ കുറഞ്ഞതും പൂക്കൾ കുറയുന്നതിന് ഇടയാക്കി. വിവിധ ജില്ലകളിൽ നിന്നും സ്വദേശത്തു നിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. മീനച്ചിലാർ മീനന്തറയാർകൊടൂരാർ നദി പുനസംയോജന പദ്ധതി ജനകീയ കൂട്ടായ്മ, തിരുവാർപ്പ് പഞ്ചായത്ത്, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്.