കോട്ടയം: ചന്തക്കടവ് തോടിന്റെ നവീകരണ ജോലികൾക്ക് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി 6140000 രൂപ മുതൽമുടക്കിയാണ് തട്ടുങ്കൽച്ചിറ റോഡിന്റെയും സംരക്ഷണഭിത്തിയുടെയും പുനർനിർമ്മാണം നടക്കുന്നത്. ആഴം കൂട്ടുന്ന ജോലികൾക്കാണ് തുടക്കമായത്. തോടിന് സമീപമുള്ള കോൺക്രീറ്റ് റോഡ് രണ്ടടി ഉയർത്തി പണിയുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകും. തോട്ടിൽ വെള്ളം കവിഞ്ഞ് അത് വീടുകളിലേക്ക് എത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. റോഡിന്റെ ഒരു വശം ചരിഞ്ഞ നിലയിലാണ്. സംരക്ഷണഭിത്തി കെട്ടി റോഡ് ഉയർത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. തോട്ടിൽ ഉണ്ടായിരുന്ന പോള അടുത്തിടെ നീക്കം ചെയ്തിരുന്നു.