കോട്ടയം : ഗുണ്ടാബന്ധം ആരോപിക്കപ്പെട്ട കോട്ടയം സൈബർ സെൽ എസ്.എച്ച്.ഒ എം.ജെ.അരുണിനെ സ്ഥലംമാറ്റി. മലപ്പുറം സൈബർ സ്‌റ്റേഷനിലേക്കാണ് മാറ്റം. പകരം മലപ്പുറം സൈബർസ്‌റ്റേഷൻ എസ്.എച്ച്.ഒ വി.ആർ. ജഗദീഷ് കുമാറിനെ കോട്ടയത്ത് നിയമിച്ചു. ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് ഡിവൈ.എസ്.പി ഉൾപ്പെടെ നാലുപേർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തിരുന്നു. ഹണിട്രാപ്പ് കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അരുൺ ഗോപനെ കസ്റ്റഡിയിലെടുത്തതോടെയാണ് പൊലീസുമായുള്ള ബന്ധം പുറത്തുവന്നത്. ദക്ഷിണമേല ഐ.ജിയുടെ നിർദ്ദേശപ്രകാരം രഹസ്യമായി അന്വേഷണം നടത്തിയതിനെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തസെക്രട്ടറിക്ക് അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തത്.