വ്യാപക നാശം, നിരവധി വീടുകൾ വെള്ളത്തിൽ

കോട്ടയം : കനത്തമഴയിൽ എരുമേലി ഇരുമ്പൂന്നിക്കര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകനാശം. പ്രളയത്തിന് സമാനമായി വെള്ളം ഒഴുകിയെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. നിരവധി വീടുകളിൽ വെള്ളം കയറി. പത്തോളം വീടുകൾ തകർന്നു. തോടുകൾ പലതും കര കവിഞ്ഞു. ഇരുമ്പൂന്നിക്കര, കൊപ്പം, തുമരംപാറ പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങളേറെ. വനമേഖലയിലാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന് വാർഡ് അംഗം ബിനോയ് ഇലവുങ്കൽ പറഞ്ഞു. വാഹനങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ കയർ വലിച്ചു കെട്ടി. പുത്തൻപീടികയിൽ നെജുമോൻ, ചെറുകരയിൽ ഷാജി, ചരളശേരി അബ്ദുൽ അസീസ്, പ്ലാമൂട്ടിൽ നിയാസ് എന്നിവരുടെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. അബ്ദുൽ അസീസിന്റെ മതിലും ഗേറ്റും ഒലിച്ചുപോയി. പലരുടെയും വീട്ടുപകരണങ്ങൾ തോട്ടിലൂടെ ഒഴുകിപ്പോയി. പേരൂർത്തോട് ഭാഗത്ത് എരുമേലി - മുണ്ടക്കയം സംസ്ഥാന പാത വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും വെള്ളം കയറി. പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.