
കോട്ടയം. ജില്ലയിൽ ഓൺലൈൻ വായ്പ തട്ടിപ്പുകൾ വർദ്ധിക്കുമ്പോഴും നടപടിയില്ല. പ്രതിമാസം പത്തോളം പരാതികൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്.
അധികവും 40 വയസിന് താഴെയുള്ള, ഇടത്തരം കുടുംബങ്ങളിലുള്ളവരെ ലക്ഷ്യംവച്ചാണ് ഓൺലൈൻ തട്ടിപ്പ് ലോബി പ്രവർത്തിക്കുന്നത്. മലയാളികളടക്കമുള്ളവർ സംഘത്തിലുണ്ട്. കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധി മുതലെടുക്കുകയാണ് സംഘം. ലളിതമായ വ്യവസ്ഥയിൽ മിനിറ്റുകൾക്കുള്ളിൽ ലോൺ എന്ന പരസ്യവാചകമാണ് സാധാരണക്കാരെ ആകർഷിക്കുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് ബാങ്ക് പാസ്ബുക്കും പാൻകാർഡും അപ്‌ലോഡ് ചെയ്താൽ ലോൺ ലഭിക്കും. ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ നമ്മുടെ ഫോണിലെ വിവരങ്ങളെല്ലാം കമ്പനി കൈക്കലാക്കും. വായ്പ കുടിശിക വരുത്തിയാൽ ഫോൺ ഹാക്ക് ചെയ്ത് നമ്മുടെ സുഹൃത്തുക്കൾക്കും മറ്റും അശ്ലീല സന്ദേശമയയ്ക്കുകയും സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യും. ഒരു ആപ്ലിക്കേഷനിൽ നിന്ന് ലോൺ എടുത്താൽ മറ്റ് ആപ്പുകളിൽ നിന്ന് ലോൺ എടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നുമുള്ള ഭീഷണി സന്ദേശങ്ങളെത്തും. മുഴുവൻ തുകയും തിരിച്ചടച്ചാലും പണമടച്ചില്ലെന്ന പേരിൽ ഭീഷണിപ്പെടുത്തി കൂടുതൽ പണം വാങ്ങും. 5000 രൂപ ലോൺ എടുത്താൽ 2800 രൂപ മാത്രമേ അക്കൗണ്ടിലെത്തൂ. ബാക്കി പലിശയായി കമ്പനിയെടുക്കും. പക്ഷേ അയ്യായിരം രൂപ തിരിച്ചടയ്ക്കണം.
ശ്രദ്ധിക്കാൻ.
ആർ.ബി.ഐയുടെ അംഗീകാരമുള്ള ആപ്പുകളിൽ നിന്ന് മാത്രം വായ്പകൾ എടുക്കുക.
കഴിവതും വായ്പയ്ക്കായി ബാങ്കിനെയോ ധനകാര്യസ്ഥാപനങ്ങളെയോ സമീപിക്കുക.
അനുവദിച്ച വായ്പയുടെ പ്രോസസിംഗിന് തുക അടയ്ക്കണമെന്ന സന്ദേശം തട്ടിപ്പാണ്.
വ്യാജ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോൺ വിവരങ്ങൾ ചോർത്തും.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.
ഓൺലൈൻ വായ്പ്പാ ആപ്ളിക്കേഷൻ വഴിയുള്ള തട്ടിപ്പ് കൂടുകയാണ്. വ്യാജ ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം.