
കോട്ടയം. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റുകൾക്കായി ആരംഭിച്ച പാതിരാമണൽ ബോട്ട് സർവീസിനും വാട്ടർ ടാക്‌സിക്കും തിരക്കേറുന്നു. മൂന്ന് മാസം മുൻപാണ് പദ്ധതിക്ക് തുടക്കമായത്. 80 രൂപയാണ് ഇരുസർവീസുകൾക്കും ഈടാക്കുന്നത്. സർവീസ് ബോട്ടിൽ അഞ്ച് പേരും, വാട്ടർ ടാക്‌സിയിൽ 10 പേരും എന്നതാണ് കണക്ക്. യാത്രക്കാരുടെ ആവശ്യപ്രകാരം വാട്ടർ ടാക്‌സി സർവീസ് നടത്തും. അവധി ദിവസങ്ങളും മറ്റും ചെലവഴിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
വേമ്പനാട്ട് കായലിന്റെ മദ്ധ്യഭാഗത്താണ് പാതിരാമണൽ ദ്വീപ് . വിവിധ ഇനം ദേശാടന പക്ഷികളും പച്ചപ്പും നിറഞ്ഞ ഈ ദ്വീപ് കാണാൻ നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതി എത്തുന്നത്. സ്വകാര്യ ബോട്ടുകളിലായിരുന്നു മുൻപ് പാതിരാമണലിലേക്ക് സഞ്ചാരികൾ എത്തിയിരുന്നത്. നിരക്ക് കൂടുതലായതിനാൽ ടൂറിസം വകുപ്പ് പുതിയ സർവീസ് ആരംഭിക്കുകയായിരുന്നു. സാധാരണക്കാരായ സഞ്ചാരികൾക്ക് മിതമായ നിരക്കിൽ പാതിരാമണൽ സന്ദർശിക്കാനുള്ള സുവർണാവസരമാണിത്.
പാതിരാമണൽ സർവീസ് ആരംഭിച്ചതോടെ രണ്ട് ലക്ഷം രൂപ അധികവരുമാനവും ലഭിച്ചു.
മുൻപ് ഒരുമാസം 5 ലക്ഷം രൂപയായിരുന്നു വരുമാനം. സർവീസ് ബോട്ടിൽ പോയാൽ രണ്ട് മണിക്കൂറോളം യാത്രക്കാർക്ക് ദ്വീപിൽ ചെലവഴിക്കുന്നതിനുള്ള അവസരമുണ്ട്. അതിനുശേഷം ബോട്ട് തിരികെയെത്തി മുഹമ്മ, കുമരകം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കും.
സർവീസ് ബോട്ടുകളുടെ സമയം.
മുഹമ്മയിൽ നിന്ന് രാവിലെ 10.30നും 11.45നും .
കുമരകത്ത് നിന്ന് രാവിലെ 11 ന്.
യാത്രാ നിരക്ക് 80 രൂപ.
സ്‌റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ പറയുന്നു.
രണ്ട് സർവീസ് ബോട്ടുകളാണ് നിലവിലുളളത്. ഇതിൽ ഒരെണ്ണമാണ് പാതിരമണൽ സർവീസ് നടത്തുന്നത്. ഇത് യാത്രയ്ക്കായി എത്തുന്നവർ ബോട്ടില്ലെന്ന കാരണത്താൽ മടങ്ങുന്നതിന് ഇടയാക്കുന്നു. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.