കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിനായുള്ള അന്തിമ സാങ്കേതിക അനുമതിയായെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. കഴിഞ്ഞദിവസം നടന്ന ടി.എസ് കമ്മിറ്റിയിലാണ് അനുമതി ലഭിച്ചത്. വില കൊടുത്ത് ഏറ്റെടുത്ത 8.64 ഏക്കർ സ്ഥലം ബൈപാസിന്റെ നിർവഹണ ഏജൻസിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറിയിരുന്നു. ആർ.ബി.ഡി.സി.കെയുടെ മേൽനോട്ടത്തിൽ കിറ്റ്‌കോയാണ് ഡിസൈൻ തയാറാക്കിയത്. ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേർത്താണ് ഡിസൈൻ. കിഫ്ബി സഹായത്താൽ പൂർത്തിയാക്കുന്ന ബൈപാസിന് അനുവദിച്ച 79.6 കോടി രൂപയിൽ സ്ഥലമേറ്റെടുക്കലിന് ചെലവഴിച്ചതിനു ശേഷം നിർമ്മാണ പ്രവർത്തനത്തിന് മാത്രമായി പുതുക്കിയ നിരക്കിൽ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടി രൂപയാണ്. ഇതിൽ 13 കോടിയോളം രൂപ ചിറ്റാർപുഴയ്ക്കും കാഞ്ഞിരപ്പള്ളി മണിമല റോഡിനും മുകളിലായുള്ള ഫ്‌ളൈഓവറിന് മാത്രമാണ്. അന്തിമാനുമതി ലഭിച്ച സാഹചര്യത്തിൽ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും നിർമാണം ഉടൻ തുടങ്ങുമെന്നും ചീഫ് വിപ്പ് അറിയിച്ചു.