
കോട്ടയം. ഇലവിഴീപ്പൂഞ്ചിറ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ട് ഉൾപ്രദേശങ്ങളിൽക്കൂടി ഫോർ ജി സേവനവുമായി ബി.എസ്.എൻ.എൽ. ഇതുവരെ എത്തിപ്പെടാത്ത മീനച്ചിൽ, വൈക്കം താലൂക്കുകളിലാണ് കേന്ദ്രപദ്ധതിപ്രകാരം ബി.എസ്.എൻ.എൽ ഫോർ ജി സേവനം ഒരുക്കുന്നത്.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 241 ഇടങ്ങളാണ് 4 ജി നിലവാരത്തിലേയ്ക്ക് ഉയരുക. സ്വകാര്യ മൊബൈൽ കമ്പനികൾ മിക്കയിടങ്ങളിലും 4 ജി സൗകര്യം എത്തിച്ചു തുടങ്ങിയതോടെ ബി.എസ്.എൻ.എൽ. നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ജില്ലയുടെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ 4ജി സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടായിരുന്നു.
മറ്റ് കമ്പനികൾ 5 ജിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ബി.എസ്.എൻ.എൽ 4ജിയിൽ എത്തിയതെന്ന വിരോധാഭാസവുമുണ്ട്. അതേസമയം, നിലവിൽ 4 ജി സൗകര്യം ലഭ്യമാണെന്ന് അധികൃതർ അവകാശപ്പെടുന്ന സ്ഥലത്തു പോലും 2 ജിയുടെ വേഗം പോലും കിട്ടാറുമില്ലെന്ന പരാതിയുണ്ട് . സ്വകാര്യ കമ്പനികൾ അതിവേഗ നെറ്റ് നൽകുമ്പോൾ, ബി.എസ്.എൻ.എൽ. ഇപ്പോഴും പരിധിക്ക് പുറത്താണ്.
മലയോരമേഖലയിൽ.
മീനച്ചിൽ താലൂക്കിന്റെ മലയോരമേഖലയിലാണ് പുതുതായി 4 ജി എത്തുന്ന പത്ത് സ്ഥലങ്ങൾ. വൈക്കം താലൂക്കിലെ രണ്ടു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. ഇവിടങ്ങളിൽ 4 ജി സൗകര്യം വരുന്നതോടെ ഇ ഗവേണൻസ്, ബാങ്കിംഗ്, ടെലി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പരോഗതി പ്രതീക്ഷിക്കുന്നുണ്ട്. 4 ജി സൗകര്യമില്ലാത്തത് കൊവിഡ് കാലത്ത് ഓൺലൈൻ ക്ളാസുകളേയും ബാധിച്ചിരുന്നു.
4 ജി ഇവിടെ.
ഇലവീഴാപൂഞ്ചിറ.
മുണ്ടപ്പള്ളി.
പേരങ്ങാലി.
അരയക്കുടി.
പെരുംതടം.
മുപ്പതേക്കർ.
കുരിശുമല.
വഴിക്കടവ്.
ഇടമല.
കുളത്തുങ്കൽ.
ടി.വി.പുരം.
ഉദയനാപുരം.