ഏറ്റുമാനൂർ :സി.പി.ഐ ജില്ലാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏറ്റുമാനൂർ മണ്ഡലത്തിലെ എഴുപത് ബ്രാഞ്ച് സെക്രട്ടറിമാരുടെയും പത്തു ലോക്കലുകളിൽ നിന്നുള്ള പ്രധാന പ്രവർത്തകരുടെയും സംയുക്ത യോഗം ചേർന്ന് ജില്ലാ സമ്മേളനത്തിന്റ ഒരുക്കങ്ങൾ വിലയിരുത്തി.
ആഗസ്റ്റ് ആറിന് സമ്മേളന നഗറിലേക്ക് പതാക, കൊടിമര, ബാനർ ജാഥകളെത്തുമ്പോഴുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജാഥകൾ പട്ടിത്തനം കവലയിൽ കേന്ദ്രീകരിക്കുന്നതിനും,ഗതാഗത സൗകര്യമൊരുക്കുന്നതിനായി വോളന്റിയർമാരെ ചുമതലപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
ആഗസ്റ്റ് 2 ന് സമ്മേളന വരവാറിയിച്ചുകൊണ്ടുള്ള സന്ദേശയാത്ര ഏറ്റുമാനൂർ ടൗണിൽ സംഘടിപ്പിക്കും.
നാലിന് യുവകലസാഹിതിയുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കലാസന്ധ്യയും അഞ്ചിന് പി. കെ മേദിനിയുടെയും കലവൂർ വിശ്വന്റെയും നേതൃത്വത്തിലുള്ള ഗാനസന്ധ്യയും സാംസ്‌കാരിക സമ്മേളനവും ആലപ്പുഴ ഇ്ര്രപ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളുടെ ആവിഷ്‌ക്കാരവും അരങ്ങേറും. 6ന് സി.എം തങ്കപ്പന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പതാക ജാഥ നടക്കും. കോട്ടയത്ത് അഡ്വ. പി. കെ ചിത്രഭാനുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ പി. കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുസമ്മേളന നഗറിൽ മുതിർന്ന സി.പി.ഐ നേതാവ് വി കെ കരുണാകരൻ പതാക ഉയർത്തും. പൊതുസമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 7,8 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ ഇ. ഇസ്മായിൽ, സത്യൻ മൊകേരി, എം.കെ ചന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, അഡ്വ. പി. വസന്തം,എൻ. രാജൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
അവലോകനയോഗം സ്വാഗത സംഘം ചെയർമാൻ അഡ്വ.വി. ബി ബിനു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സ്സിക്യുട്ടീവ് അംഗം കെ.ഐ കുഞ്ഞച്ചൻ,സ്വാഗത സംഘം സെക്രട്ടറി അഡ്വ.ബിനു ബോസ്,പബ്ലിസിറ്റി കൺവീനർ കെ.വി പുരുഷൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം മിനി മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ലോക്കൽ കമ്മിറ്റികളിലെ സമ്മേളന ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു.