
മൈൽക്കുറ്റി തോറും സംസാരഭാഷയുടെ വകഭേദങ്ങൾ മാറിമറിയുന്ന ഈ ഭൂമി മലയാളത്തിൽ , ആദ്യമേ തന്നെ ഒന്നു വ്യക്തമാക്കികൊള്ളട്ടെ. ലേശം എന്ന വാക്കിന്റെ അർത്ഥം , കുറച്ച് , അൽപ്പം എന്നൊക്കെയാണെന്ന് തിരുകൊച്ചിമലബാർ വൻകരകളിലെ ബഹുമാന്യരായ വായനക്കാരെ തെര്യപ്പെടുത്തി കൊള്ളുന്നു.
പേരക്കുട്ടിയെ കാണിക്കാൻ വന്ന കേശവക്കുറുപ്പ് പറഞ്ഞു.
'ഇവന് രണ്ട് ദിവസമായി ലേശം പനിയും ചുമയും. ഞാൻ ലേശം പാരസെറ്റമോളും ലേശം കഫ്സിറപ്പും കൊടുത്തു.
ഇന്നലെ ലേശം കുറവുണ്ടായിരുന്നു.
ഇന്ന് ഭയങ്കര ചുമ. ഡോക്ടറെ കാണിച്ച് ലേശം ആന്റീബയോട്ടിക് കൊടുക്കാമെന്ന് കരുതി.'
കേശവക്കുറുപ്പിന്റെ അവതരണം ലേശം ആകർഷണീയമായി തോന്നി !
ലേശം വിശാലമായി തന്നെ പരിചയപ്പെട്ടപ്പോൾ കക്ഷി വളരെ വിനയാന്വിതനും സഹൃദയനും സർവോപരി ഒരു പാവം മനുഷ്യനുമാണെന്ന് ബോദ്ധ്യമായി.
ഇടയ്ക്കിടെ പേരക്കുട്ടിയെയും കൊണ്ട് വരുമ്പോഴൊക്കെ കുറുപ്പിന്റെ സംസാരം കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു.
ഒരിക്കൽ കൈയ്യിൽ പ്ലാസ്റ്ററുമിട്ടായിരുന്നു വന്നത്.
എന്തുപറ്റിയെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
'ലേശം കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ലേശം അശ്രദ്ധകാരണം ചെറുതായിട്ടൊന്നു വീണു. പരിചയമുള്ള ഒരു ഓർത്തോ പയ്യന്റെയടുക്കൽ പോയി, ലേശം പ്ലാസ്റ്ററിട്ടു.'
സംഭാഷണത്തിലെ ലാളിത്യവും പ്രത്യേകം ശ്രദ്ധിച്ചു. ഓർത്തോപയ്യൻ!
മറ്റൊരിക്കൽ കണ്ടത് മാർക്കറ്റിൽ വെച്ചായിരുന്നു. അന്ന് ലേശത്തിന്റെ അസുഖം ലേശം കൂടുതലായിരുന്നു.
കൊച്ചുമകന് ലേശം പായസമുണ്ടാക്കാൻ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിത്തിരിച്ച കേശവക്കുറുപ്പ് പായസത്തിന്റെ ചേരുവകളായ സേമിയം, പാൽ, കണ്ടൻസ്ഡ് മിൽക്ക് , മുന്തിരി, അണ്ടിപ്പരിപ്പ്, നെയ്യ് തുടങ്ങിയവയൊക്കെ ലേശം ചേർത്ത് പറഞ്ഞപ്പോൾ, മനസ്സിൽ കുറുപ്പിന് ഒരു ഇരട്ടപ്പേര് പൊന്തിവന്നു ലേശവക്കുറുപ്പ്!
പിന്നെയും കണ്ടു, ഒരുനാൾ!
'വീടിനടുത്ത് ചെറിയൊരു മരണം! ലേശം ബന്ധമുള്ളയാളാണ്. ലേശം കഴിഞ്ഞ് ആശുപത്രിയിൽ വരുന്നുണ്ട്. നമുക്ക് ലേശം സമയം സംസാരിച്ചിരിക്കാം.....'
പിന്നെ കുറെക്കാലമായി കുറുപ്പിനെ കാണാതെയായി !
ഒരിക്കൽ സർക്കാർ വൃദ്ധസദനത്തിൽ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ, അടുത്ത ഊഴക്കാരനായി നിൽക്കുന്നു സാക്ഷാൽ കേശവക്കുറുപ്പ് ! താടിയും മുടിയും നീട്ടി വളർത്തി ദുഃഖഭാവത്തോടെ ...... പതിവു ചിരിയോടെ .....
കുറുപ്പേട്ടാ, എന്തു പറ്റി, ഇവിടെ?
'എന്റെ മകനും മരുമകളുമായി ലേശം വഴക്കിടേണ്ടി വന്നു. വീട് മകന്റെ പേരിലെഴുതിക്കൊടുത്തപ്പോൾ ലവലേശം കരുതിയില്ല എന്നെ ഇറക്കിവിടുമെന്ന് ! പിന്നെ ഇവിടെ അഭയം പ്രാപിച്ചു. ഇപ്പോൾ ഒരു അഗതി !'
ഞാൻ ലേശം കാശുകൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വാങ്ങിയില്ല.
കുറേനാൾ കഴിഞ്ഞ് വീണ്ടും വൃദ്ധസദനത്തിൽ പോയപ്പോഴാണ് ആ ദുഖവാർത്ത അറിയുന്നത്.
കേശവക്കുറുപ്പ് മരിച്ചു.
അന്തേവാസികളോട് കാരണം അന്വേഷിച്ചു.
ഒരു രാത്രി കേശവക്കുറുപ്പ് കൂടെ കഴിയുന്നവരോട് തനിക്ക് ലേശം നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു.
ഓരോരുത്തരും മാറിമാറി ചോദിച്ചപ്പോഴും കുറുപ്പ് പറഞ്ഞു കൊണ്ടിരുന്നു....
ലേശം വേദന.
വേദന ലേശമായതുകൊണ്ട് എല്ലാവരും കിടന്നുറങ്ങി !
രാവിലെ അബോധാവസ്ഥയിൽ കിടന്ന കുറുപ്പിനെ ആശുപത്രിയിൽ എത്തിച്ചു.
അവിടത്തെ ഡോക്ടർ പറഞ്ഞുപോലും, ലേശം താമസിച്ചു പോയി!
ലേഖകന്റെ ഫോൺ - 9447055050