
കൊച്ചി: അസാം സർക്കാരും സ്‌പൈസസ് ബോർഡും ചേർന്ന് ഗുവാഹത്തിയിൽ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയും ട്രെയിനിംഗ് സെന്ററും സ്ഥാപിക്കുമെന്ന് ഡോ.ഹിമന്ത ബിശ്വശർമ പറഞ്ഞു. ഗുവാഹത്തിയിൽ സ്‌പൈസസ് ബോർഡിന്റെ ദ്വിദിന ബയർ സെല്ലർ മീറ്റും സ്‌പൈസസ് കോൺക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനകവാടം എന്നതിന് പുറമെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിക്കുന്ന ഇടമെന്ന നിലയിൽ അസാമിന് വിളവെടുപ്പിന് ശേഷമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണ വ്യവസായങ്ങളുടെയും ഈരംഗത്തെ കയറ്റുമതിയുടെയും കേന്ദ്രമാകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അസാമിലെ സുഗന്ധവ്യഞ്ജനക്കൃഷി പ്രോത്സാഹിപ്പിക്കാൻ നൂതനമായ കൃഷിരീതികളും സ്ഥാപനസഹായങ്ങളും ആവശ്യമാണെന്ന് ചടങ്ങിൽ ഹിമാചൽ പ്രദേശ് കൃഷിമന്ത്റി ടാഗെ ടാക്കി പറഞ്ഞു.
സുഗന്ധവ്യഞ്ജന കൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനാണ് ബയർ സെല്ലർ മീറ്റും സ്‌പൈസസ് കോൺക്ലേവും സംഘടിപ്പിച്ചതെന്ന് സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. പരിപാടിയുടെ ഭാഗമായി 2019-20, 2020-21, 2021-22 വർഷങ്ങളിലെ ലാർജ് കാർഡമം പ്രൊഡക്ടിവിറ്റി അവാർഡുകളും സ്‌പൈസസ് ബോർഡ് വിതരണം ചെയ്തു. യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നിന്നായി അമ്പതിലേറെ ബയർമാർ കോൺക്ലേവിൽ പങ്കെടുത്തു.