nupur

ന്യൂഡൽഹി: പ്രവാചകനെതിരായ പരാമ‌ർശത്തെ തുട‌ർന്ന് രാജ്യത്തുണ്ടായ സംഭവങ്ങളിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തനിക്കെതിരായ എല്ലാ എഫ്‌ഐആറും ഡൽഹിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് നൂപുർ ശർമ്മ സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്‌റ്റിസ് സൂര്യ കാന്ത് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

രാജ്യത്തുണ്ടായ എല്ലാ അനിഷ്‌ട സംഭവങ്ങൾക്കും കാരണക്കാരി നൂപുർ ശർമ്മ മാത്രമാണെന്നും ഉദയ്‌പൂർ സംഭവത്തിന്റെ പശ്ചാത്തലം പരോക്ഷമായി സൂചിപ്പിച്ച് സുപ്രീംകോടതി പറഞ്ഞു. ഭീഷണിയുണ്ടെന്ന നൂപുരിന്റെ വാദം കോടതി തള‌ളി. നൂപുരിന് ഭീഷണിയുണ്ടെന്നോ അതോ നൂപുർ ആണോ സമൂഹത്തിന് സുരക്ഷാഭീഷണി എന്നും കോടതി ചോദിച്ചു. ടിവിയിൽ നടന്ന ചർച്ച കണ്ടതായും വിവാദ പരാമർശം നടത്തിയ ശേഷം താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞത് നാണക്കേടാണെന്നും കോടതി പറഞ്ഞു. രാജ്യത്ത ഇപ്പോൾ നടക്കുന്ന എല്ലാ അനിഷ്‌ട സംഭവങ്ങൾക്കും നൂപുർ ഒരാളാണ് ഉത്തരവാദി എന്നും കോടതി രൂക്ഷമായ ഭാഷയിൽ അറിയിച്ചു.

നൂപുർ ശർമ്മയുടെ അഭിപ്രായത്തെ പിൻതുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റിട്ടതിന്റെ പേരിൽ രാജസ്ഥാനിൽ തയ്യൽക്കാരനായ കനയ്യലാലിനെ രണ്ടുപേ‌ർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യമാകെ ഉണ്ടായത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് കോടതി നൂപുരിനെതിരെ വിമർശനം കടുപ്പിച്ചത്.