ambani-family-

സമ്പന്നരുടെ വീടുകളിൽ നടക്കുന്ന ഏത് തർക്കവും നാട്ടിലറിയാറുണ്ട്, അത്തരത്തിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിന്ന, ആളുകൾ ഏറെ താത്പര്യത്തോടെ വായിച്ച സംഭവമായിരുന്നു അംബാനി കുടുംബത്തിലുണ്ടായ സ്വത്ത് തർക്കം. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവതത്തിൽ ധീരുഭായി അംബാനി പടവെട്ടിയുണ്ടാക്കിയ വ്യവസായ സാമ്രാജ്യം ഭാഗംവച്ചപ്പോൾ മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിലുള്ള തർക്കമായിരുന്നു മാസങ്ങളോളം ബിസിനസ് വാർത്തകളുടെ മുഖ്യവിഷയം. എന്നാൽ അതേ കുടുംബത്തിൽ വീണ്ടും ഒരു ഭാഗം വയ്ക്കൽ നടന്നിരിക്കുന്നു, അതും നിശബ്ദമായി. അതിസമ്പന്നരുടെ പട്ടികയിൽ നിത്യസാന്നിദ്ധ്യമായ മുകേഷ് അംബാനിയുടെ കുടുംബത്തിലാണ് സ്വത്ത് ഭാഗം വയ്ക്കൽ ആരംഭിച്ചിരിക്കുന്നത്.

ambani-family-

പിതാവിന് പറ്റിയ അബദ്ധം

ധീരുഭായി അംബാനി വൻവ്യവസായ സാമ്രാജ്യം പടുത്തുയർത്തുന്നതിൽ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം അദ്ദേഹം മറന്നുപോയി. തന്റെ സ്വത്ത് പിൻതലമുറയ്ക്കായി സ്വത്ത് പങ്കുവയ്ക്കാൻ. വിൽപ്പത്രം എഴുതാതെ 2002ൽ അദ്ദേഹം മരണപ്പെട്ടു. 90,000 കോടി രൂപ ആസ്തിയുള്ള റിലയൻസ് വ്യവസായം മക്കൾക്കായി ഭാഗം ചെയ്തു നൽകേണ്ട ചുമതല നിർവഹിക്കാതെ അദ്ദേഹം മടങ്ങിയതോടെ കുടുംബത്തിൽ തർക്കം ആരംഭിച്ചു. 2005ലാണ് തർക്കം മറനീക്കി പുറത്തേയ്ക്ക് വന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്തുതർക്കം അംബാനി കുടുംബത്തിലായിരുന്നു എന്ന് നിസംശയം പറയാനാവും. ഏഴുമാസത്തോളം നീണ്ട തർക്കം ഒടുവിൽ റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ വിഭജനത്തിലാണ് കലാശിച്ചത്. മാതാവായ കോകില ബെന്നിന്റെ മദ്ധ്യസ്ഥതയിൽ മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും ധാരണയിൽ എത്തിയതോടെ വലിയ തർക്കം അവസാനിച്ചു.

ambani-family-

ഇനി ആവർത്തിക്കരുത്

കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കം രക്തബന്ധങ്ങളിൽ വരുത്തുന്ന വിള്ളലുകൾ അനുഭവിച്ചറിഞ്ഞ മുകേഷ് അംബാനി തന്റെ സ്വത്ത് വിഭജനത്തിൽ അതീവ ശ്രദ്ധയാണ് പുലർത്തിയത്. തന്റെ സ്വത്തുക്കളിൽ ഏറെ മൂല്യമുള്ള ജിയോ മൂത്ത മകനായ ആകാശ് അംബാനിക്കാണ് നൽകിയത്. രാജ്യത്തെ ഒന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയായ റിലയൻസ് ജിയോഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി മൂത്ത മകനെ പ്രഖ്യാപിച്ചതോടെയാണ് അംബാനി കുടുംബത്തിലെ സ്വത്ത് ഭാഗം വയ്പിനെ കുറിച്ചുള്ള സ്ഥിരീകരണം പുറത്ത് വന്നത്. അംബാനി തന്റെ സ്വത്ത് മക്കൾക്കായി വീതം വയ്ക്കാൻ ഒരുങ്ങുന്നു എന്ന സൂചന കഴിഞ്ഞ വർഷം ഡിസംബറിലാണ് പുറത്ത് വന്നിരുന്നു. ജീവനക്കാർക്കായി നടത്തിയ ഒരു പരിപാടിയിലാണ് പ്രധാനപ്പെട്ട നേതൃമാറ്റത്തെ കുറിച്ച് അംബാനി സൂചന നൽകിയത്. ഏറെ നാളായി അംബാനി അതിനായുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


മകൾക്ക് റിലയൻസ് റീടെയ്ൽ

മൂത്തമകന് ജിയോ നൽകിയപ്പോൾ ഇരട്ടമക്കളിൽ രണ്ടാമത്തെയാളായ മകൾ ഇഷയ്ക്ക് റിലയൻസ് റീടെയിലാണ് അംബാനി നൽകിയത്. റിലയൻസിന്റെ എല്ലാ റീടെയ്ൽ കമ്പനികളുടെയും ഹോൾഡിങ് കമ്പനിയാണ് റിലയൻസ് റീടെയ്ൽ വെഞ്ചേഴ്സ്ലിമിറ്റഡ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി രാജി വച്ചിരുന്നു. ഇനി മകൾക്കാകും ഇതിന്റെ പൂർണ ചുമതല. യേൽ സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ഇഷയ്ക്ക് മുപ്പത് വയസിലാണ് പിതാവിന്റെ സ്വത്തിൽ പൂർണമായ ഇടപെടൽ നടത്താനുള്ള അവസരം കൈവന്നിരിക്കുന്നത്.

ambani-family-

മൂന്നാമന് എന്താവും ?

രണ്ട് മക്കൾക്ക് ലഭിക്കുന്ന സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇരട്ടകളായ ആകാശിന്റെയും ഇഷയുടെയും സഹോദരൻ ആനന്ദിന് എന്താവും അംബാനി നൽകുന്നതെന്ന ആകാംക്ഷയിലാണ് ബിസിനസ് ലോകം. ടെലികോം, റീടെയിൽ എന്നിവ കഴിഞ്ഞാൽ പിന്നെ അംബാനിയുടെ പക്കലുള്ള വിലയേറിയ വ്യവസായ മേഖല ഓയിൽ കമ്പനികളാണ്. അംബാനിയെ സമ്പന്നതയുടെ കൊടുമുടിയിലേക്ക് കൊണ്ട് പോയതും ഈ വ്യവസായമാണ്. ഓയിൽ കെമിക്കൽസ് ബിസിനസിന്റെ തലപ്പത്തേക്ക് ആനന്ദിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഗ്രീൻ എനർജിയിലേക്ക് ലോകം മാറുന്ന കാലഘട്ടത്തിൽ മുകേഷ് അംബാനിക്ക് ഈ മേഖലയിൽ കുറച്ച് കൂടി പദ്ധതികൾ നടപ്പിലാക്കാനുണ്ടെന്നും, അത് പൂർത്തീകരിക്കും വരെ റിലയൻസിന്റെ ഊർജ്ജ ബിസിനസിൽ അംബാനിയുടെ കയ്യൊപ്പ് കാണുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

സ്വത്ത് ഭാഗത്തിന് ശേഷം അറുപത്തിനാലുകാരനായ മുകേഷ് അംബാനിയുടെ ഭാവി പദ്ധതികൾ എന്താവും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അടക്കമുള്ള കുടുംബ സ്വത്തുക്കൾ ട്രസ്റ്റാക്കി മാറ്റുവാനും അദ്ദേഹം പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.