
യാത്രയ്ക്കിടെ ഒരു കപ്പ് ചായയ്ക്ക് 70 രൂപ യാത്രക്കാരനിൽ നിന്നും ഈടാക്കി എന്നു കേട്ടാൽ നമ്മൾ കരുതും അദ്ദേഹം വിമാനത്തിലാവും യാത്ര ചെയ്തതെന്ന്. എന്നാൽ ഇന്ത്യയിലോടുന്ന ശതാബ്ദി ട്രെയിനിലെ യാത്രക്കാരനാണ് ഈ അവസ്ഥയുണ്ടായത്. എഴുപത് രൂപ കൊടുത്ത് ചായ കുടിച്ചതിന്റെ ക്ഷീണം തീർക്കാൻ യാത്രക്കാരൻ ചായയുടെ ബിൽ
സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഏറെ വൈറലായ ചിത്രത്തിൽ രണ്ട് ബില്ലുകളാണ് ഉണ്ടായിരുന്നത്. ഒരെണ്ണം ചായയുടെ വിലയായ 20 രൂപയും മറ്റൊന്ന് സർവീസ് ചാർജ് എന്ന പേരിൽ 50 രൂപയും. ജൂൺ 28 ന് ഡൽഹിക്കും ഭോപ്പാലിനും ഇടയിൽ സർവീസ് നടത്തിയ ശതാബ്ദിയിലാണ് യാത്രക്കാരൻ ചായയ്ക്ക് 70 രൂപ വില നൽകേണ്ടി വന്നത്.
റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള കൊള്ളയെന്നും, പിശകെന്നും വിവരിച്ചാണ് നിരവധി പേർ ഈ ചിത്രം ഷെയർ ചെയ്തത്. ഏറെ പേരും ജി എസ് ടിയിലെ തുകയാണ് വിലവർദ്ധനവിന് ഇടയാക്കിയതെന്നും കണ്ടെത്തി. റെയിൽവേയിൽ കാറ്ററിംഗ് സർവീസ് നടത്തുന്ന ഐആർസിടിസിക്ക് പരാതി നൽകിയവരും ഉണ്ട്. എന്നാൽ 20 രൂപ വിലയുള്ള ഒരു കപ്പിന് 50 രൂപ സർവീസ് ചാർജ് നൽകേണ്ടി വന്നതിൽ തെറ്റൊന്നും ഇല്ലെന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്നും വന്ന വിശദീകരണം. ഉപഭോക്താവിൽ നിന്ന് അധിക പണമൊന്നും തങ്ങൾ വാങ്ങിയിട്ടില്ലെന്നും ഇന്ത്യൻ റെയിൽവേ 2018ൽ പുറപ്പെടുവിച്ച സർക്കുലറിനെ കുറിച്ച് അറിവില്ലാത്തതാണ് ഈ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും റെയിൽവേ പറയുന്നു.
2018ൽ പുറപ്പെടുവിച്ച സർക്കുലറിൽ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ ടിക്കറ്റ് റിസർവേഷൻ നടത്തുമ്പോൾ യാത്രക്കാരൻ ഭക്ഷണം ബുക്ക് ചെയ്യുന്നില്ലെങ്കിൽ, ചായയോ കാപ്പിയോ ഭക്ഷണമോ ഓർഡർ ചെയ്യുന്നതിന് 50 രൂപ സർവീസ് ചാർജ് നൽകണമെന്ന് വ്യക്തമായി പറയുന്നുണ്ട്. നേരത്തെ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ ഭക്ഷണം നിർബന്ധമായും യാത്രക്കാർ വാങ്ങണമായിരുന്നു. എന്നാൽ 2017ൽ ഈ സേവനം ഇഷ്ടമുണ്ടെങ്കിൽ തിരഞ്ഞെടുത്താൽ മതി എന്നാക്കിയിരുന്നു. ടിക്കറ്റ് ബുക്കിംഗ് സമയത്ത് യാത്രക്കാരന് തീരുമാനം എടുക്കാം, എന്നാൽ ഭക്ഷണം വേണ്ടെന്ന് നൽകിയ ശേഷം ചായ വാങ്ങിയാൽ പോലും അമ്പത് രൂപ സർവീസ് ചാർജ് ഇനത്തിൽ നൽകേണ്ടി വരും.