gold

രാജ്യത്ത് വരും ദിവസങ്ങളിൽ സ്വർണവില കുതിക്കാൻ സാദ്ധ്യത. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഉയർത്തിയിരിക്കുകയാണ്. 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായിട്ടാണ് വർദ്ധിപ്പിച്ചത്. സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തിലെ സ്വർണ ഇറക്കുമതിയിലെ വർദ്ധനവ് രൂപയെ സമ്മർദ്ധത്തിലാക്കിയിരുന്നു. ഇതാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേയ്ക്ക് കേന്ദ്ര സർക്കാരിനെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിൽ 7.5 ശതമാനമായി കുറച്ച സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയാണ് ഇപ്പോൾ വ‌ർദ്ധിപ്പിച്ചിരിക്കുന്നത്.

മുൻ വർഷത്തെ അപേക്ഷിച്ച് ഈ മേയിൽ സ്വര്‍ണത്തിന്റെ ഇറക്കുമതിയിൽ ഒൻപത് മടങ്ങിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 61,000 കോടി രൂപയുടെ സ്വർണം മേയിൽ ഇറക്കുമതി ചെയ്‌തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ രാജ്യത്തെ സ്വര്‍ണവില കുതിച്ചു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 960 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,280 ആണ്.