buttler

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഏകദിന,​ ട്വന്റി-20 ടീമുകളുടെ നായകനായി വെടിക്കെട്ട് ബാറ്റർ ജോസ് ബട്ട്‌ലറെ തിരഞ്ഞെടുത്തു. ഒയിൻ മോർഗൻ വിരമിച്ചതിനെത്തുടർന്നാണ് ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവർ ടീമിന്റെ നായകസ്ഥാനം ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡ് ബട്ട്ലർക്ക് നൽകിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മാനേജിംഗ് ഡയറക്ടർ റോബ് കീയുടെ ശുപാർശ ഇസിബിയുടെ ഇടക്കാല ചെയർമാനായ മാർട്ടിൻ ഡാർലോ,​ സി.ഇ.ഒ ക്ലെയർ കോർണർ എന്നിവർ അംഗീകരിക്കുകയായിരുന്നു. മോർഗനിൽ നിന്ന് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുന്നത് വലിയ ബഹുമതിയായി കരുതുന്നുവെന്നും വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും ബട്ട്‌ലർ പറ‍ഞ്ഞു. കഴിഞ്ഞ ഐ.പി.എല്ലിൽ സഞ‍്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനായി അടിച്ചു തകർത്ത ബട്ട്‌ലർക്ക് ഇന്ത്യയിലും ഒത്തിരി ആരാധകരുണ്ട്. മലയാളി ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടന് ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്ടനെന്ന നിലയിൽ കന്നി പോരാട്ടം. 7നാണ് ട്വന്റി-20 പരമ്പര തുടങ്ങുന്നത്.

ഇംഗ്ലണ്ടിനായി ഏകദിനത്തിലും,​ ട്വന്റി-20യിലും ഏറ്റവും കൂടുതൽ റൺസ് നേടുകയും മത്സരങ്ങൾ കളിക്കുകയും ചെയ്ത താരമായ മോർഗൻ കഴിഞ്ഞ 28നാണ് വിരമിച്ചത്.