
കൊല്ലം: ബൈക്കിലെത്തി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി യുവാക്കൾ. കൊല്ലം വലിയഴീക്കൽ പാലത്തിലാണ് നാല് പേരടങ്ങിയ സംഘം റേസിംഗ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ അതുവഴി വന്ന കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാക്കൾ തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു ബൈക്ക് എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ ബസിന് മുന്നിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്കൂട്ടർ ഉടമയ്ക്കും ഓടിച്ചയാൾക്കും മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ഹെൽമെറ്റ് വയ്ക്കാത്തതിനും കേസെടുത്തിട്ടുണ്ട്. വാളറ സ്വദേശി അനിതയുടെ പേരിലുള്ളതാണ് സ്കൂട്ടർ. അനിതയുടെ അച്ഛനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.