
നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാഹരണമായി സ്ത്രീകൾക്ക് പ്രചോദനമായി മാറുകയാണ് പാലാ സ്വദേശിയായ അലീന അഭിലാഷ്. ന്യൂസിലന്റിലെ ആദ്യ മലയാളി വനിതാ പൊലീസ് ഓഫീസറെന്ന ഖ്യാതി അലീന തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ്.
റോയൽ ന്യൂസിലാന്റ് പൊലീസ് കോളേജിലെ പരിശീലനം പൂർത്തിയാക്കിയ അലീന കോൺസ്റ്റബിളായി ആദ്യ നിയമനം നേടുന്നത് ഓക്ക്‌ലാന്റിലാണ്. പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് ഈ 22കാരി. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പൊലീസിൽ ചേർന്നത്.
ആറാം ക്ലാസ് വരെ പാലാ ചാവറ പബ്‌ളിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് മാതാപിതാക്കൾക്കൊപ്പം ന്യൂസിലാന്റിലേയ്ക്ക് കുടിയേറുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബന്ധത നിറവേറ്റാനും ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനും വേണ്ടിയാണ് പൊലീസിൽ ചേർന്നതെന്ന് അലീന പറഞ്ഞു. ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ ആൽബി അഭിലാഷ് സഹോദരനാണ്.