drdo

ബംഗളൂരു: യുദ്ധരംഗത്ത് നിർണായകമാകുന്ന ആളില്ലാ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ. വെള്ളിയാഴ്ച കർണ്ണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു ഓട്ടോണമസ് ഫ്‌ളൈയിംഗ് വിംഗ് ടെക്‌നോളജി ഡെമോസ്‌ട്രേറ്റർ പറന്നത്. വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാൻഡിംഗ് സുഗമമായിരുന്നുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. ആളില്ലാ വിമാനങ്ങളുടെ വികസനത്തിനുള്ള സാങ്കേതികവിദ്യകളുടെ ശേഷി തെളിയിക്കുന്നതിൽ കൈവരിച്ച വിജയം സുപ്രധാന നാഴികക്കല്ലാണെന്നും തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വത്തിനുള്ള നിർണ്ണായകമായ ചുവടുവയ്പാണെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ബംഗളൂരു ആസ്ഥാനമായി ഡി.ആർ.ഡി.ഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ ലബോറട്ടറിയായ എയ്‌റോനോട്ടിക്കൽ ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് ആളില്ലാ യുദ്ധവിമാനം രൂപകല്‍പന ചെയ്ത് വികസിപ്പിച്ചത്. പൂർണ്ണമായും ഒാട്ടോമാറ്റിക് സംവിധാനത്തിലായിരുന്ന വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ എല്ലാ ഘട്ടങ്ങളിലും സുഗമമായിരുന്നു. ചെറിയ ടർബോഫാൻ എൻജിനിൽ പറക്കുന്ന വിമാനത്തിന്റെ എയർഫ്രെയിം, അണ്ടർ കാര്യേജ്, ഫ്‌ളൈറ്റ് കൺട്രോളുകൾ, ഏവിയോണിക് സംവിധാനം എന്നിവയെല്ലാം തദ്ദേശീയമായി നിർമ്മിച്ചതാണ്. ദൗത്യം വിജയിച്ചതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനം അറിയിച്ചു. പിന്നിൽ പ്രവർത്തിച്ചവരെ ഡി.ആർ.ഡി.ഒ ചെയർമാനും പ്രതിരോധ വകുപ്പ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെക്രട്ടറിയുമായ ഡോ. ജി. സതീഷ് റെഡ്ഡി പ്രശംസിച്ചു.