
വാഷിംഗ്ടൺ: യു.എസിന്റെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ജഡ്ജിയായി കറുത്തവർഗ്ഗക്കാരി കെതാഞ്ചി ബ്രൗൺ ജാക്സൺ (51) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലിബറൽ ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ വിരമിച്ച ഒഴിവിലാണ് നിയമനം. നിലവിൽ 6-3 യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള സുപ്രീംകോടതിയുടെ ലിബറൽ ബ്ളോക്കിലാണ് കെതാഞ്ചി ഉൾപ്പെടുക. യു.എസ് സെനറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയാണ് കെതാഞ്ചി. 47നെതിരെ 53 വോട്ടുകൾ നേടിയാണ് നിയമനം സെനറ്റ് അംഗീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. അപ്പീൽ കോർട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിരുന്ന കെതാഞ്ചിക്ക് ഫെഡറൽ ബെഞ്ചിൽ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.