jj

ന്യൂഡൽഹി :എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പ്രതിപക്ഷത്ത് നിന്നും പിന്തുണയേറുന്നു. പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയെക്കാളും മികച്ച സ്ഥാനാർത്ഥിയാണ് ദ്രൗപതി മുർമുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതിന് പിന്നാലെ ശിരോമണി അകാലിദളും എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തി. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്കവിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നതെന്ന് അകാലിദൾ വ്യക്തമാക്കി. ചണ്ഡിഗഢിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗം ദ്രൗപതിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.

സുപ്രധാന വിഷയങ്ങളിൽ ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നതെന്ന് പാർട്ടി അദ്ധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ പറഞ്ഞു. ദ്രൗപതി മുർമുവുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. മുതിർന്ന നേതാക്കളായ ബൽവിന്ദർ സിംഗ് ഭുന്ദർ,​ ചരൺജിത് സിംഗ് അത്വാൾ,​ പ്രേംസിംഗ് ചന്ദ്രുമജ,​ ഹർചരൺ ബെയിൻസ് എന്നിവരും ബാദലിനൊപ്പമുണ്ടായിരുന്നു.

എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി മുർമുവാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ പിന്തുണയ്ക്കുമായിരുന്നെന്നാണ് മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇസ്കോൺ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത. വിശാല പ്രതിപക്ഷ സഖ്യത്തിന് വേണ്ടി യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മമത.