kk

രാമായണ മാസത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കർക്കടക മാസത്തിലെ രാമായണ പാരായണവും ക്ഷേത്രദർശനവും പുണ്യമായി ഭക്തർ കണക്കാക്കുന്നു. ശ്രീരാമ ക്ഷേത്രങ്ങളിൽ തൃപ്രയാർ പോലെ പ്രാധാന്യം കൽപ്പിക്കുന്ന ക്ഷേത്രമാണ് തിരുമറയൂർ ക്ഷേത്രം. 800 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രം എറണാകുളം ജില്ലയിൽ പിറവം പേപ്പതിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. ശ്രീരാമ പട്ടാഭിഷേക രൂപത്തിൽ പ്രതിഷ്ഠയുടെ ഭാവമുള്ളതിനാൽ രാമസഹോദരങ്ങളായ ഭരതന്റെയും ലക്ഷ്‌മണ,​ ശത്രുഘ്നനൻമാരുടെയും സീതാദേവിയുിടെയും സാന്നിദ്ധ്യം ക്ഷേത്രത്തിലുണ്ട് എന്നാണ് ഐതിഹ്യം.

ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമക്ഷേത്രമെന്നും തിരുമറയൂർ ക്ഷേത്രം അറിയപ്പെടുന്നു. ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യം എല്ലാ ദിവസവും ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസം. എല്ലാദിവസവും പുലർച്ചെ ഹനുമാൻ ശ്രീരാമ പൂജ ചെയ്യാൻ ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഐതിഹ്യമുണ്ട്. പിറ്റേന്ന് പൂജയുടെ ഭാഗമായ പൂക്കളും തുളസിയുമെല്ലാം ഇവിടെ കാണാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു.

വനവാസകാലത്ത് രാമലക്ഷ്മണൻമാർ സീതാദേവിയോടൊപ്പം ഇതു വഴിയാത്ര ചെയ്തിരുന്നുവെന്നും മാരീചനെ ഇവിടെവച്ചാണ് ശ്രീരാമൻ അമ്പെയ്തു വീഴ്ത്തിയതെന്നുമുള്ള കഥകളും ക്ഷേത്രത്തെ കുറിച്ച് പറയപ്പെടുന്നുണ്ട്. ശ്രീരാമൻ മറഞ്ഞിരുന്ന് അമ്പെയ്ത സ്ഥലമായതിനാലാണ് തിരുമറയൂർ എന്ന പേരുവന്ന തെന്നും വിശ്വസിക്കപ്പെടുന്നു.