
തിരുവനന്തപുരം: ടെക്നോപാർക്കിൽ ഭാര്യ ജോലി നോക്കിയ കമ്പനിക്കായി 18 വനിതാ പൊലീസുകാരെ ചട്ടവിരുദ്ധമായി നിയോഗിച്ചത് ബാദ്ധ്യതയാകുമെന്ന് മുൻ പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് അറിവുണ്ടായിരുന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങൾ പുറത്ത്. ബാദ്ധ്യതയാകുമെന്ന് ബെഹ്‌റയെ നിരവധി തവണ അറിയിച്ചിരുന്നെന്നുള്ള രേഖകളാണ് പുറത്തുവന്നത്.
സ്റ്റേറ്റ് ഇൻസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ കമാൻഡർമാർ ഇക്കാര്യം വ്യക്തമാക്കിയിട്ടും പൊലീസിനെ പിൻവലിക്കാൻ ബെഹ്‌റ തയ്യാറായില്ല. പൊലീസിനെ വിന്യസിച്ചതിലൂടെ രണ്ട് കോടി 75 ലക്ഷം രൂപയാണ് സർക്കാരിന് നഷ്ടം സംഭവിച്ചത്. കമ്പനി വാക്കാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അധിക സുരക്ഷ നൽകിയതെന്നായിരുന്നു ബെഹ്‌റ പറഞ്ഞത്. എന്നാൽ തങ്ങൾ ആവശ്യപ്പെടാത്ത കാര്യത്തിന് പണം നൽകില്ലെന്ന് ടെക്നോപാർക്ക് അധികൃതർ ഡി.ജി.പി അനിൽകാന്തിനെ അറിയിച്ചു. അക്കൗണ്ട് ജനറൽ ക്രമക്കേട് കണ്ടെത്തിയതോടെ പണം ആരിൽ നിന്ന് ഈടാക്കുമെന്ന ആലോചനയിലാണ് സർക്കാർ. ധാരണാപത്രം തയ്യാറാക്കുകയോ സർക്കാരിന്റെ അനുമതിയോ ബെഹ്‌റ തേടിയിരുന്നില്ല.
സർക്കാരിന് അധികമായി ബാദ്ധ്യതയുണ്ടാകുകയാണെന്നറിഞ്ഞിട്ടും ബെഹ്‌റ പൊലീസുകാരെ പിൻവലിക്കാതിരുന്നതാണ് തിരിച്ചടിയായത്. മുൻ ഡിജിപി കാരണമുണ്ടായ കുടിശികയിൽ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിലവിലെ ഡിജിപി കത്ത് നൽകിയെങ്കിലും ആഭ്യന്തര വകുപ്പ് ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല.