strike

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്താകെ കളക്‌ടറേറ്റ് മാർച്ച് നടത്തി യുഡിഎഫ്. മാർച്ചിൽ പലയിടത്തും സംഘർഷമുണ്ടായി. തൃശൂരിൽ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. കോഴിക്കോട് കളക്‌ടറേറ്റിൽ പ്രതിഷേധം ഉദ്‌ഘാടനം നടക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ വീണ്ടും പ്രവർത്തകർ ഇവിടെ കൂടിനിന്ന് പ്രതിഷേധിച്ചു. ഇടത് സംഘ‌ടനകളുടെ ഫ്ളക്‌സുകൾ പലയിടത്തും യുഡിഎഫ് പ്രവർത്തകർ തകർക്കുകയും നശിപ്പിക്കുകയും ചെയ്‌തു.

കൊച്ചിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. ഉദ്ഘാടനം നടക്കുന്നതിനിടെ തന്നെ ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കാസർകോട്, പത്തനംതിട്ട, കൊല്ലം തുടങ്ങി വിവിധ ജില്ലകളിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളിൽ പൊലീസുമായി നേരിയ സംഘർഷവുമുണ്ടായി.