curd

എല്ലാവരുടെയും വീട്ടിൽ സുലഭമായി ഉണ്ടാകാറുള്ള ഒന്നാണ് തൈര്. രുചിക്ക് പുറമെ ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര് സഹായിക്കുന്നു. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം വിറ്റാമിൻ ബി-2, വൈറ്റമിൻ ബി-12 എന്നിങ്ങനെ നിരവധി അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരോട് ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താൻ പോഷകാഹാര വിദഗ്ദ്ധർ പറയാറുണ്ട്. തൈര് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് നോക്കാം.

നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും ഒരു ബൗൾ തൈര് ഉൾപ്പെടുത്തുന്നത് ശരീരത്തിലെ 61% കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പലരുടെയും പ്രശ്നമായ വയറ് കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാൻ തൈര് കഴിക്കുന്നതിലൂടെ സഹായിക്കുന്നുവെന്ന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ നടത്തിയ ഗവേഷണത്തിൽ തെളിയിച്ചിട്ടുണ്ട്. കാൽഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾക്ക് ബലം തരുന്നതിനും തൈര് സഹായിക്കുന്നു. 100 ഗ്രാം തൈരിൽ ഏകദേശം 80മില്ലിഗ്രാം കാൽഷ്യം ഉണ്ട്. പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തി ശരീരത്തിനാവശ്യമായ പോഷകങ്ങൾ സ്വാംശീകരിക്കുന്നതിന് സഹായിക്കുന്നു. തൈരിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും ഇതിന് കഴിയും.

കഴിക്കേണ്ട രീതി

ഒരു ചെറിയ ബൗൾ തൈര് ഭക്ഷണത്തിന് ശേഷം കഴിക്കുക. രുചി വർദ്ധിപ്പിക്കുന്നതിനായി തേൻ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേർക്കാം. എന്നാൽ ഇതൊന്നും അമിതമായ അളവിൽ ചേർക്കാൻ പാടില്ല. നിങ്ങൾക്ക് ഏത് ഭക്ഷണത്തിനുമൊപ്പം തൈര് കഴിക്കാവുന്നതാണ്.