p-c-

തിരുവനന്തപുരം: പീഡനപരാതിയിൽ മുൻ എം എൽ എ പി സി ജോർജിനെ അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന സോളാർ കേസ് പ്രതിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് 12.40നാണ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിൽ പി സി ജോർജിനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ,​ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും പി സി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരി വൈരാഗ്യം തീർക്കുകയാണ്. ഞാനൊരു വൃത്തികേടും കാട്ടിയിട്ടില്ല. ഇത് കള്ളക്കേസാണ്. മറ്റൊരു കേസിൽ മൊഴി നൽകാത്തതിന്റെ വൈരാഗ്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എ ആർ ക്യാംപിലേക്കാണ് അറസ്റ്റ് ചെയ്ത് പി സി ജോർജിനെ എത്തിച്ചിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാണ് പൊലീസിന്റെ തീരുമാനം.

സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നൽകിയ പരാതിയിൽ രജിസ്ടർ ചെയ്ത ഗൂഢാലോചന കേസിലാണ് പി സി ജോർജ് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായത്. പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ പേടിയില്ലെന്നും കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് പരാതിക്കാരി മുൻപ് പറഞ്ഞിട്ടുണ്ടെന്നും പിസി രാവിലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.