fadnavis

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് ഫഡ‌്നാവിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഷിൻഡെയ്‌ക്കൊപ്പം ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഫഡ്‌നാവിസിനോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഫഡ്‌നാവിസ് സമ്മതിച്ചതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നരേന്ദ്രമോദിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഫ‌‌ഡ്‌നാവിസ് തീരുമാനിച്ചത്. ഫഡ്‌നാവിസുമായി മോദി രണ്ടുതവണ കൂടിക്കാഴ്‌ച നടത്തി. മഹാരാഷ്ട്രയിൽ നടന്ന ഓരോ സംഭവവികാസവും ഫഡ്‌നാവിസിന്റെ അറിവോടെയാണ് നടന്നത്. അദ്ദേഹത്തെ ഇടപെടുത്തിയില്ല എന്ന വാർത്തകൾ തികച്ചും തെറ്റാണെന്നും ഉന്നത ബി.ജെ.പി നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഹൈദരാബാദിൽ നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ നിന്നും ഫഡ്നാവിസ് വിട്ടുനിൽക്കുകയാണ്. പുതിയ മന്ത്രിമാരെയും അവരുടെ വകുപ്പുകളും തീരുമാനിക്കാനുള്ളതിനാലാണ് വിട്ടുനിൽക്കുന്നതെന്നാണ് ഫഡ്‌നാവിസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.