
മൊബൈൽ ഫോൺ ഉപയോക്താക്കൾ എപ്പോഴും നേരിടുന്ന പ്രശ്നമാണ് വ്യാജ ടെലിഫോൺ കാളുകളിലൂടെ പണം തട്ടുന്ന സംഘങ്ങൾ. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നിൽ നിരവധി പരാതികൾ വരാറുണ്ടെങ്കിലും ഇതിന്റെ പതിന്മടങ്ങ് തട്ടിപ്പുകളാണ് ദിനംപ്രതി നടക്കുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അമളിപ്പറ്റിയ വിവരം പുറത്ത് അറിയുന്നതിലുള്ള നാണക്കേട് കൊണ്ടാകണം ഇത്തരം തട്ടിപ്പുകളിൽ അകപ്പെട്ട് പണം നഷ്ടപ്പെടുന്ന ഭൂരിപക്ഷം ആളുകളും പരാതിപറയാൻ മുതിരാറില്ല.
ഫോൺ തട്ടിപ്പുവീരന്മാരെ നേരിടാനുള്ള ദൃഢനിശ്ചയത്തിലാണ് ടെലികോം അതോറിറ്രി ഒഫ് ഇന്ത്യ (ട്രായ്). സിമ്മുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിലൂടെ തട്ടിപ്പുസംഘങ്ങളെ പിടികൂടാൻ സാധിക്കുമെന്നാണ് ട്രായിയുടെ വിലയിരുത്തൽ. ഇന്ത്യയിൽ ജമ്മു കാശ്മീരിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഒഴിച്ചുളള എല്ലായിടത്തും ഒരു വ്യക്തിക്ക് ഒൻപത് സിമ്മുകൾ വരെ ഉപയോഗിക്കാൻ സാധിക്കും. ജമ്മുവിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഇത് അഞ്ച് സിമ്മുകൾ എന്ന രീതിയിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈയൊരു ആനുകൂല്യം തന്നെയാണ് തട്ടിപ്പുസംഘങ്ങൾ മുതലാക്കുന്നതും. ഇതുവരെയുള്ള അന്വേഷണ സംഘങ്ങളുടെ നിഗമനം അനുസരിച്ച് ടെലിഫോൺ തട്ടിപ്പു സംഘങ്ങൾ ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. വ്യക്തികൾ ഉപയോഗിക്കുന്ന സിമ്മുകളാണെങ്കിൽ തുടർച്ചയായി ലൊക്കേഷൻ മാറിക്കൊണ്ടേയിരിക്കും. എന്നാൽ തട്ടിപ്പുസംഘങ്ങൾ ഉപയോഗിക്കുന്ന സിമ്മുകളിൽ നിന്നുള്ള കാളുകൾ ഒരു സ്ഥലത്തു നിന്നുതന്നെയായിരിക്കും.
ഇങ്ങനെ ഒരേസ്ഥലത്ത് നിന്നും തുടർച്ചയായി കാളുകൾ പോകുന്ന സിമ്മുകൾ കണ്ടെത്തി അവയെ ചുറ്റിപ്പറ്റി അന്വേഷണം നടത്താനാണ് ട്രായിയുടെ പദ്ധതി. ഇത്തരമൊരു മാർഗ്ഗത്തിലൂടെ തട്ടിപ്പുസംഘങ്ങളെ കുടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും ട്രായ് അധികൃതരുടെയും വിലയിരുത്തൽ.