amazon-prime

ആമസോൺ പ്രൈം വീഡിയോ ഉപഭോക്താക്കളുടെ ദീർഘനാളത്തെ പരാതിക്ക് ഒടുവിൽ പരിഹാരമെത്തിയിരിക്കുകയാണ്. ഇനി മുതൽ ആപ്പിന്റെ സബ്സ്ക്രിപ്ഷൻ റദ്ദാക്കണമെങ്കിൽ സങ്കീർണമായ നാവിഗേഷൻ മെനുകളിലൂടെ കടന്നുപോകേണ്ട ആവശ്യമില്ല. ആപ്ളിക്കേഷനിൽ നിന്നു തന്നെ രണ്ട് ക്ലിക്കുകളിലൂടെ ആമസോൺ പ്രൈം വീ‌ഡിയോയിൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.

യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ, നോർവീജിയൻ കൺസ്യൂമർ കൗൺസിൽ, ട്രാൻസ് അറ്റ്‌ലാന്റിക് കൺസ്യൂമർ ഡയലോഗ് എന്നീ ഉപഭോക്തൃ സംഘടനകൾ ഇക്കാര്യം കാണിച്ച് യൂറോപ്യൻ കമ്മീഷന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ നാവിഗേഷൻ മെനുകൾ, വ്യക്തമല്ലാത്ത പദങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന സെലക്ഷൻ പ്രക്രിയകൾ എന്നിവ നേരിടേണ്ടി വരുന്നു എന്നായിരുന്നു പരാതി. ഈ പരാതിയിന്മേലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

അൺസബ്സ്ക്രൈബ് അല്ലെങ്കിൽ കാൻസൽ (റദ്ദാക്കുക) എന്നീ വ്യക്തമായ പദങ്ങൾ ഇനിമുതൽ ആമസോൺ ഉപയോഗിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. ആമസോൺ പ്രൈം വീഡിയോ ഒരിക്കൽ സബ്സ്ക്രൈബ് ചെയ്താൽ കാർഡ് വിവരങ്ങൾ ആപ്ളിക്കേഷനിൽ രേഖപ്പെടുത്തേണ്ടി വരും. ഇത്തരത്തിൽ രേഖപ്പെടുത്തുന്ന കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ആപ്ളിക്കേഷൻ തന്നെ സബ്സ്ക്രിപ്ഷൻ തുക ഈടാക്കുന്നതാണ് പതിവ്. അൺസബ്സ്ക്രൈബ് ചെയ്യാൻ സാധിക്കാത്തതിനാൽ ഉപഭോക്താക്കൾ ഈ പണം അടച്ചുകൊണ്ടേയിരിക്കണം. ഈ പ്രക്രിയയ്ക്കാണ് ഇനി അവസാനം ഉണ്ടാകാൻ പോകുന്നത്.