
മുംബയ്: ഷിൻഡെ-ബിജെപി സർക്കാരിന് മഹാരാഷ്‌ട്ര നിയമസഭയിൽ ആദ്യ പരീക്ഷണത്തിൽ മികച്ച വിജയം. ബിജെപി എംഎൽഎ രാഹുൽ നർവേക്കർ സ്‌പീക്കറായി തിരഞ്ഞെടുത്തു. 164പേരുടെ പിന്തുണ നേടിയാണ് രാഹുൽ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി രാഹുൽ നർവേക്കർ മഹാരാഷ്‌ട്ര നിയമസഭാംഗമായത്.
11 മണിയോടെയാണ് സഭയിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ശിവസേന എംഎൽഎയും ഉദ്ദവ് താക്കറെയുടെ വിശ്വസ്‌തനുമായ രാജൻ സാൽവിയായിരുന്നു രാഹുലിന്റെ എതിരാളി. ലഭ്യമായ വോട്ടിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യസ്ഥാനാർത്ഥിയെക്കാൾ ഏറെ മുന്നിലായാണ് രാഹുൽ നർവേക്കർ വിജയിച്ചത്. കോൺഗ്രസ് നേതാവ് നാനാ പട്ടോലെ സ്ഥാനം രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞവർഷം മുതൽ സ്‌പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാളാണ് സ്‌പീക്കറുടെ ചുമതല വഹിച്ചിരുന്നത്.
തിങ്കളാഴ്‌ചയാണ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടത്. രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രധാനം സ്‌പീക്കർ തിരഞ്ഞെടുപ്പും ഭൂരിപക്ഷം തെളിയിക്കുന്നതുമാണ്. അതേസമയം ശിവസേനയുടെ നിയമസഭാ കക്ഷി ഓഫീസ് പൂട്ടിയതായി ആദിത്യ താക്കറെ അറിയിച്ചു. ഓഫീസ് പൂട്ടിയതിൽ എന്താണിത്ര വലിയ കാര്യമെന്നും അദ്ദേഹം ചോദിച്ചു.