meta

വരാൻ പോകുന്നത് വളരെ ബുദ്ധിമുട്ടേറിയ കാലമാണെന്ന് മുന്നറിയിപ്പ് നൽകി മെറ്റ സിഇഒ മാ‌ർക്ക് സക്കർബർഗ് അറിയിച്ചു. വരാനിരിക്കുന്ന ഗൗരവമേറിയ കാലത്തിലേക്ക് സ്വയം ധൈര്യപ്പെട്ടിരിക്കാനാണ് ജീവനക്കാരോട് സക്കർബർഗ് പറഞ്ഞത്. എഞ്ചിനീയർമാരെ നിയമിക്കുന്നത് 30 ശതമാനം വെട്ടിക്കുറയ്‌ക്കും. ടാർഗെറ്റുകൾ തികയ്‌ക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമാണ് കമ്പനി നേരിടുന്നതെന്നും സക്കർ‌ബർഗ് ജീവനക്കാരെ അറിയിച്ചു.

ഒരു ജീവനക്കാരന്റെ ചോദ്യങ്ങൾക്കുള‌ള മറുപടിയിൽ ഇവിടെ തുടരാൻ പാടില്ലാത്തവരുണ്ടെന്നും അവർ സ്വയം പിരിഞ്ഞുപോകുന്നത് തനിക്ക് സമ്മതമാണെന്നും സക്കർബർ‌ഗ് അറിയിച്ചു. 10000ത്തോളം പുതിയ എഞ്ചിനീയർമാരെ നിയമിക്കാനാണ് ആദ്യം മെറ്റ തീരുമാനിച്ചത്. എന്നാൽ അത് 6000 മുതൽ 7000 വരെയാക്കി ചുരുക്കി. ജീവനക്കാരുടെ എണ്ണം കുറച്ചാലും മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്.

ഫേസ്‌ബുക്കിൽ ദിവസേന ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ കമ്പനിയ്‌ക്ക് അവരുടെ വിപണിമൂല്യത്തിന്റെ പകുതിയോളം നഷ്‌ടമായി. എന്നാൽ ഇൻസ്‌റ്റഗ്രാം, റീൽസ് എന്നിവയിൽ ഉപഭോക്താക്കളുടെ എണ്ണം കൂടിവരുന്നുണ്ട്. നിരവധിയാളുകൾ ഇവയിൽ സമയം ചിലവഴിക്കുന്നതായാണ് കമ്പനി കണ്ടെത്തിയത്.