akg

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് പോസ്‌റ്റിട്ട റിജു സച്ചുവിനെ ജാമ്യത്തിൽ വിട്ടയച്ച് പൊലീസ്. എകെജി സെന്ററിലെ സ്‌ഫോടവസ്‌തു ആക്രമണത്തിൽ റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള‌ള കേസ് ഒഴിവാക്കി ഇയാളെ ജാമ്യത്തിൽ വിട്ടയച്ചത്. എകെജി സെന്ററിലെ ഒരു ജനലിന്റെ ഗ്ളാസ് ഒറ്റയ്‌ക്ക് എറിഞ്ഞുപൊട്ടിയ്‌ക്കുമെന്നാണ് ജൂൺ 25ന് റിജു ഫേസ്‌ബുക്കിൽ കുറിച്ചത്.

നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയ ചുവന്ന സ്‌കൂട്ടറുകാരൻ ആക്രമിയല്ലെന്ന് പൊലീസിന് വ്യക്തമായിരുന്നു. ആക്രമണം നടന്ന് 60 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയിലേക്ക് വിരൽചൂണ്ടുന്ന കൃത്യമായ സൂചനകളൊന്നും പൊലീസിന്കിട്ടിയില്ല. സിസിടിവി ദൃശ്യത്തിൽ കണ്ടയാൾ നഗരത്തിൽ തട്ടുകട നടത്തുന്നയാളാണെന്ന് തെളിഞ്ഞു. അക്രമം നടക്കുന്നതിന് മുൻപും രണ്ടുവട്ടം ഇതേ സ്‌കൂട്ടറിൽ ഇയാൾ എകെജി സെന്റർ വഴി കടന്നുപോയിരുന്നു. സ്ഥലത്ത് അന്നേരമുണ്ടായിരുന്നവരുടെ ഫോൺവിളികൾ പൊലീസ് പരിശോധിക്കുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.അതേസമയം അന്വേഷണം നല്ലരീതിയിൽ മുന്നോട്ട് പോകുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു. ജൂൺ 30ന് രാത്രി 11.30ഓടെയായിരുന്നു എകെജി സെന്ററിന് സമീപം അ‌ജ്ഞാതൻ ഇരുചക്രവാഹനത്തിലെത്തി സ്‌ഫോടകവസ്‌തു എറിഞ്ഞത്.